ന്യൂഡൽഹി: അഞ്ച് നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പു തീയ്യതി ഇന്നലെ പ്രഖ്യാപിക്കുകയുണ്ടായി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനലായാണ് ഈ തിരഞ്ഞെടുപ്പിനെ വിലയിരുന്നത്. ഇതിനിടെ ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തിയാൽ കേന്ദ്രത്തിൽ ബിജെപി വീണ്ടും അധികാരത്തിൽ വരുമെന്നും കേരളത്തിൽ യുഡിഎഫ് കുതിപ്പു നടത്തുമെന്നും വ്യക്തമാക്കി സർവേഫലം. എബിപി-വോട്ടർ സർവെയാണ് മോദിക്ക് അധികാരം ലഭിക്കുമെന്ന് പ്രഖ്യാപിക്കുന്നത്. എണ്ണവില ഇടിവും റാഫേൽ അഴിമതി ആരോപണത്തിന്റെ നിഴലിലും മോദി നേട്ടമുണ്ടാക്കുമെന്നാണ് സർവേഫലം സൂചിപ്പിക്കുന്നത്.

കേരളത്തിൽ ആകെയുള്ള 20 സീറ്റുകളിൽ 16 സീറ്റുകൾ യുഡിഎഫ് നേടുമെന്നും എൽഡിഎഫ് നാല് സീറ്റുകളിൽ ഒതുങ്ങുമെന്നും സർവെയിൽ പറയുന്നു. അതേസമയം, നോർത്ത് ഇന്ത്യയിൽ വ്യക്തമായ ആധിപത്യം നേടുമെന്ന് പറയുന്നുണ്ടെങ്കിലും ദക്ഷിണേന്ത്യയിൽ ബിജെപി വിയർക്കുമെന്നാണ് സർവെ ഫലം വ്യക്തമാക്കുന്നത്. കേരളത്തിൽ ബിജെപിക്ക് ഒരു സീറ്റുപോലും ലഭിക്കില്ലെന്ന് സർവെ വ്യക്തമാക്കുന്നു. കുമ്മനം മാറി ശ്രീധരൻപിള്ള വന്നെങ്കിലും ബിജെപിയുടെ നില പരിതാപകരമാണെന്നുമാണ് സൂചിപ്പിക്കുന്ന റിപ്പോർട്ട്.

നിലവിൽ യുഡിഎഫിന് 12 സിറ്റിങ് സീറ്റുകളാണ് കേരളത്തിലുള്ളത്. ഇതിന് പുറമേ എൽഡിഎഫിന്റെ നാല് സീറ്റുകൾ കൂടി യുഡിഎഫ് പിടിച്ചെടുക്കും. ബിജെപി മികച്ച പ്രകടനം കാഴ്‌ച്ചവെക്കുമെങ്കിലും ഒരു സീറ്റിൽപോലും വിജയിക്കാൻ കഴിയില്ലെന്നും സർവെയിൽ പറയുന്നു. അതേസമയം, രാജ്യത്ത് എൻഡിഎ സർക്കാർ തന്നെ വീണ്ടും അധികാരത്തിൽ വരുമെന്നാണ് സർവെയിൽ പറയുന്നത്. ആകെ 543 സീറ്റുകളിൽ 38 ശതമാനം വോട്ടുകളുമായി 276 സീറ്റുകൾ എൻഡിഎ സ്വന്തമാക്കും. കോൺഗ്രസ് നേതൃത്വം നൽകുന്ന യുപിഎ 25 ശതമാനം വോട്ടു നേടി 112 സീറ്റിലൊതുങ്ങും. മറ്റ് കക്ഷികൾക്ക് 37 ശതമാനം വോട്ട് വിഹിതവും 155 സീറ്റുകളും ലഭിക്കുമെന്നും സർവേ ഫലം വ്യക്തമാക്കുന്നു

വാർത്താചാനലായ എ.ബി.പി. ന്യൂസ്, പോളിങ് ഏജൻസിയുമായിച്ചേർന്നാണ് 'ദേശ് കാ മൂഡ്' എന്നുപേരിട്ട സർവേ നടത്തിയത്. സർവേയിൽ പങ്കെടുത്ത 47 ശതമാനത്തോളം പേർ നരേന്ദ്ര മോദി സർക്കാരിന് 2019-ൽ ഒരവസരംകൂടി നൽകരുതെന്ന അഭിപ്രായക്കാരാണ്. അദ്ദേഹത്തിന്റെ ജനസമ്മതിയാകട്ടെ ആറുശതമാനം ഇടിഞ്ഞിട്ടുമുണ്ട്. കഴിഞ്ഞവർഷം 69 ശതമാനം വോട്ടാണ് മോദിക്ക് കിട്ടിയത്. എങ്കിലും രാജ്യം ഭരിക്കാൻ യോഗ്യരായവരിൽ മുമ്പൻ മോദിതന്നെ.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ ജനസമ്മതി ജനുവരിയിൽ നടത്തിയ അവസാന സർവേയിലേതിനെക്കാൾ ആറുശതമാനം കൂടി. അന്ന് അദ്ദേഹത്തിന് 28 ശതമാനം വോട്ടേ കിട്ടിയുള്ളൂ. കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ.യ്ക്ക് 112 സീറ്റാണ് സർവേയിൽ ലഭിച്ചത്. 2014-ൽ യു.പി.എ. നേടിയത് 155 സീറ്റാണ്. തെക്കൻ സംസ്ഥാനങ്ങളിൽ ജയിക്കണമെങ്കിൽ എൻ.ഡി.എ. ഇനിയും ഏറെ വിയർപ്പൊഴുക്കേണ്ടിവരുമെന്നാണ് സർവേഫലം പറയുന്നത്. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ മൊത്തമുള്ള 129 സീറ്റിൽ 21 എണ്ണമേ എൻ.ഡി.എ.ക്ക് നേടാനാവൂ. യു.പി.എ.യാകട്ടെ 32 സീറ്റ് നേടും. ബാക്കി സീറ്റുകൾ പ്രാദേശികപാർട്ടികൾക്ക് ലഭിക്കും.

ഉത്തർപ്രദേശിൽ എസ്‌പി.-ബി.എസ്‌പി. സഖ്യത്തിനൊപ്പം ചേർന്നിരുന്നെങ്കിൽ കോൺഗ്രസിന് തിരഞ്ഞെടുപ്പ് ജയിക്കാമായിരുന്നു. 56 സീറ്റുകൾ യു.പി.എ.യ്ക്കും 24 സീറ്റുമാത്രം എൻ.ഡി.എ.യ്ക്കും ലഭിക്കുമായിരുന്നെന്നും സർവേ പറയുന്നു. ഒറ്റയ്ക്ക് മത്സരിച്ചാൽ യു.പി.എ.ക്ക് രണ്ടുസീറ്റേ കിട്ടൂ. എൻ.ഡി.എ.യ്ക്ക് 36 എണ്ണം കിട്ടുമ്പോൾ ബി.എസ്‌പി.-എസ്‌പി. സഖ്യത്തിന് 42 സീറ്റും കിട്ടും.

വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടന്നിരുന്നെങ്കിൽ മധ്യപ്രദേശും ഛത്തീസ്‌ഗഢും ബിജെപി.യുടെ കോട്ടകളായിത്തന്നെ നിൽക്കും. ഛത്തീസ്‌ഗഢിലെ 11 സീറ്റിൽ ഒമ്പതും മധ്യപ്രദേശിലെ 29 സീറ്റിൽ 23-ഉം എൻ.ഡി.എ. നേടും. മഹാരാഷ്ട്രയിൽ ശിവസേന, ബിജെപി.യുമായി കൈകോർക്കുകയും മറ്റു പാർട്ടികളോരോന്നും സ്വന്തം നിലയ്ക്ക് മത്സരിക്കുകയും ചെയ്താൽ എൻ.ഡി.എ. ജയിക്കും. കോൺഗ്രസ് എൻ.സി.പി.യുമായി സഖ്യമുണ്ടാക്കുകയും ശിവസേന എൻ.ഡി.എ.യ്‌ക്കൊപ്പം കൂടാതിരിക്കുകയും ചെയ്താൽ ജയം യു.പി.എ.യ്‌ക്കൊപ്പമാകുമെന്നും സർവേ പറയുന്നു.