റിയാദ്: സൗദിയിലെ അബ്ഷീർ ഓൺലൈൻ സംവിധാനത്തിൽ പ്രവാസികൾക്കായി മൂന്ന് പുതിയ സേവനങ്ങൾ കൂടി ഉൾപ്പെടുത്തി. വിദേശികൾക്കുള്ള മൂന്ന് സേവനങ്ങളും സ്വദേശികൾക്കുള്ള രണ്ട് സേവനങ്ങളും സന്ദർശക വിസയിലുള്ള യമൻ പൗരന്മാർക്കുള്ള ഒരു സേവനവുമാണ് പുതുതായി ഉൾപ്പെടുത്തിയത്.

വിദേശി ജോലിക്കാർ സൗദിയിലെത്തി മൂന്ന് മാസത്തെ പ്രൊബേഷൻ കാലത്തിനിടക്ക് ഫൈനൽ എക്‌സിറ്റ് നൽകൽ, സ്‌പോൺസറിൽ നിന്ന് ഒളിച്ചോടിയ തൊഴിലാളിയെക്കുറിച്ച് പരാതി ബോധിപ്പിക്കൽ അഥവാ ഹുറൂബ് രേഖപ്പെടുത്തൽ, ട്രാഫിക് വിഭാഗം നൽകുന്ന വാഹന പെർമിറ്റ് സൗദി പോസ്റ്റിന്റെ 'വാസിൽ' സംവിധാനം വഴി കൈപറ്റൽ എന്നിവയാണ് വിദേശികളുമായി ബന്ധപ്പെട്ട പുതിയ സേവനങ്ങൾ.

യമൻ പൗരന്മാരുടെ പ്രത്യേക പദവിയിലുള്ള സന്ദർശന വിസ പുതുക്കാനും അബ്ഷിർ സംവിധാനത്തിൽ സൗകര്യം ഒരുക്കും. സ്വദേശികളുടെ തിരിച്ചറിയൽ കാർഡ് ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭിക്കുന്ന സിവിൽ സർവീസ് വകുപ്പിലെ നടപടികളുടെ പുരോഗതി അറിയാനും സൈനികരുടെ യാത്ര രേഖകൾ കൈപറ്റാനും അബ്ഷിറിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്.