- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദാബി ബിഗ് ടിക്കറ്റ്: പ്രതിവാര നറുക്കെടുപ്പിൽ അര കോടി സമ്മാനം ലഭിച്ചത് മലയാളികളായ ഇരട്ട സഹോദരങ്ങൾക്ക്; ഭാഗ്യം തേടിയെത്തിയതിന്റെ ആഹ്ലാദത്തിൽ ഇരട്ടകളായ ആ ഭാര്യമാരും
അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് ജനുവരിയിൽ സംഘടിപ്പിച്ച പ്രതിവാര സമ്മാന പദ്ധതിയിലെ അവസാന നറുക്കെടുപ്പിലൂടെ ഭാഗ്യം തേടിയെത്തിയതിന്റെ ആഹ്ലാദത്തിലാണ് കുവൈത്തിൽ ജോലി ചെയ്യുന്ന മലയാളികളായ ഇരട്ട സഹോദരങ്ങളും അവരുടെ ഇരട്ടകളായ ഭാര്യമാരും. നറുക്കെടുപ്പിൽ 2.5 ലക്ഷം ദിർഹമാണ് (50.88 ലക്ഷം രൂപ) ഇരട്ടകളായ മലയാളി കുടുംബത്തിന് സമ്മാനമായി ലഭിച്ചത്. ആരോഗ്യമന്ത്രാലയത്തിന് കീഴിൽ ജഹ്‌റ ക്ലിനിക്കിൽ സ്റ്റാഫ് നഴ്‌സായ സവിത നായരുടെ പേരിലെടുത്ത ടിക്കറ്റിനാണ് സമ്മാനം. രമേശ് നായർ ആണ് ഭർത്താവ്.
റിഗ്ഗായിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന സഹോദരി സരിത നായർ, ഭർത്താവ് രതീഷ് നായർ എന്നിവർ ചേർന്നാണ് സവിതയുടെ പേരിൽ ടിക്കറ്റെടുത്തത്. ഇരട്ടകളായ സവിതയും സരിതയും കുറവിലങ്ങാട് സ്വദേശികളാണ്. ഇരട്ടകളും കുവൈത്തിലെ സ്വകാര്യ കമ്പനിയിൽ സേഫ്റ്റി ഓഫിസർമാരുമായ രമേശും രതീഷും നെടുമുടി സ്വദേശികളാണ്. നിലവിൽ താമസം ചങ്ങനാശേരിയിൽ.
അമ്പരപ്പിക്കുന്ന സന്തോഷ വാർത്തയെന്നായിരുന്നു സമ്മാന വിവരം അറിയിച്ചുകൊണ്ട് ബിഗ് ടിക്കറ്റ് അവതാരക ബുഷ്‌റ ടെലിഫോണിൽ ബന്ധപ്പെട്ടപ്പോൾ സവിത പ്രതികരിച്ചത്. 2500 ദിർഹം സമ്മാനം ലഭിച്ചെന്നായിരുന്നു ആദ്യം സവിത വിചാരിച്ചിരുന്നത്. എന്നാൽ രണ്ടര ലക്ഷം ദിർഹമാണ് സമ്മാനമെന്ന് ബിഗ് ടിക്കറ്റ് അവതാരക അറിയിച്ചപ്പോൾ സന്തോഷം അടക്കാനായില്ല.
കുടുംബത്തോടൊപ്പം കഴിഞ്ഞ രണ്ട് വർഷത്തിലധികമായി ബിഗ് ടിക്കറ്റ് എടുക്കാറുണ്ടെന്ന് സവിത പറഞ്ഞു. തൊട്ടുതലേദിവസം എടുത്ത ടിക്കറ്റിലൂടെയാണ് ഇത്തവണ പ്രതിവാര നറുക്കെടുപ്പിലെ വിജയമെത്തിയത്. ഗ്രാന്റ് നറുക്കെടുപ്പിന് പുറമെ ഇങ്ങനെയൊരു പ്രതിവാര നറുക്കെടുപ്പ് കൂടി നടക്കുന്നുണ്ടെന്ന് പോലും സവിത അറിഞ്ഞിരുന്നില്ലെന്നതായിരുന്നു യാഥാർത്ഥ്യം. ഫെബ്രുവരി മൂന്നിന് നടക്കാനിരിക്കുന്ന തത്സമയ നറുക്കെടുപ്പിന് മുമ്പ് മറ്റൊരു വിജയമെത്താനുള്ള സാധ്യത പോലും മുന്നിൽ കാണാതിരുന്നതിനാൽ സമ്മാനം കിട്ടുന്ന തുക എങ്ങനെ ചെലവഴിക്കണമെന്ന കാര്യത്തിലും ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല.
സവിതയുടെ മകൻ അഭിനവ് ആർ നായർ (ലേണേഴ്‌സ് ഓൺ അക്കാദമി, കുവൈത്ത്). സരിതയുടെ മക്കൾ നിരഞ്ജൻ ആർ. നായർ (കഴക്കൂട്ടം സൈനിക് സ്‌കൂൾ), നിരജിത് ആർ. നായർ (ലേണേഴ്‌സ് ഓൺ അക്കാദമി കുവൈത്ത്)
ജനുവരിയിലെ പ്രതിവാര നറുക്കെടുപ്പുകളിൽ വിജയം കാണാനാവാത്തവർക്കായി ഫെബ്രുവരിയിലും പ്രതിവാര നറുക്കെടുപ്പുകൾ ബിഗ് ടിക്കറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് മൂന്നിലെ നറുക്കെടുപ്പിലേക്കുള്ള ക്യാഷ് പ്രൈസ് ടിക്കറ്റുകൾ വാങ്ങുന്നവരെല്ലാം പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പുകളിലും പങ്കാളികളാക്കപ്പെടും. ജനുവരിയിലെ അപേക്ഷിച്ച് ഫെബ്രുവരിയിലെ പ്രതിവാര നറുക്കെടുപ്പുകളിൽ വിജയികളാവുന്നവർക്ക് ഇരട്ടിത്തുകയായിരിക്കും സമ്മാനം. രണ്ടര ലക്ഷം ദിർഹത്തിന് പുറമെ അഞ്ച് ലക്ഷം ദിർഹം വീതം ഓരോ ആഴ്ചയും വിജയിക്ക് ലഭിക്കും.
മാർച്ച് മൂന്നിന് നടക്കാനിരിക്കുന്ന ഡ്രീം 12 മില്യൻ നറുക്കെടുപ്പിൽ 1.2 കോടി ദിർഹമാണ് (24 കോടി ഇന്ത്യൻ രൂപ) ഒന്നാം സമ്മാനമെന്ന് ബിഗ് ടിക്കറ്റ് അധികൃതർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 10 ലക്ഷം ദിർഹത്തിന്റെ രണ്ടാം സമ്മാനത്തിന് പുറമെ വൻതുകകളുടെ മറ്റ് അഞ്ച് സമ്മാനങ്ങൾ കൂടി അന്ന് വിജയികൾക്ക് ലഭിക്കും.
നികുതി ഉൾപ്പെടെ 500 ദിർഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകൾ ഒരുമിച്ച് വാങ്ങിയാൽ മൂന്നാമതൊരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും. വൻതുകയുടെ ക്യാഷ് പ്രൈസുകൾക്ക് പുറമെ മസെറാട്ടിയുടെ ആഡംബര കാർ സമ്മാനം നൽകുന്ന ഡ്രീം കാർ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകളും ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. 150 ദിർഹമാണ് ഡ്രീം കാർ ടിക്കറ്റിന്റെ വില. അതും രണ്ട് ടിക്കറ്റുകൾ ഒരുമിച്ച് വാങ്ങിയാൽ മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും.
മറുനാടന് മലയാളി ബ്യൂറോ