കരിപ്പൂർ: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ (ഐസിസ്) ചേരാൻ മലയാളികൾ അഫ്ഗാനിസ്താനിലേക്ക് കടന്നത് 'അബുദാബി മൊഡ്യൂളി'ന്റെ സഹായത്തോടെയെന്ന് സൂചന. ഏറ്റവുമധികം ഇന്ത്യക്കാർ ഐസിസിൽ ചേർന്നത് ഇവരുടെ സഹായത്താലാണെന്നാണ് ദേശീയ അന്വേഷണ ഏജൻസി കരുതുന്നത്. സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. ചില ഗ്രൂപ്പുകളുടെ സഹായത്തോടെയാണ് ആളുകളെ ഐസിസിനായി റിക്രൂട്ട് ചെയ്തത്. ഇതേ കുറിച്ചും വ്യക്തമായ സൂചന എൻ ഐ എയ്ക്ക് കിട്ടിയിട്ടുണ്ട്. ഈ ഗ്രൂപ്പുകളിലെ പ്രവർത്തനം അന്വേഷണ സംങത്തിന്റെ നിരീക്,ണത്തിലാണ്.

അടുത്തകാലത്ത് ഇവരുടെ സഹായത്തോടെ ഒമ്പത് ഇന്ത്യക്കാർ ഐ.എസിൽ ചേരാൻ സിറിയയിലേക്ക് പോയെന്ന് എൻ.ഐ.എ.യ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിൽ എട്ടുപേർ തമിഴ്‌നാട്ടുകാരും ഒരാൾ തെലങ്കാന സ്വദേശിയുമാണ്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് സംഘത്തിന്റെ പ്രവർത്തനത്തെപ്പറ്റി സൂചന ലഭിച്ചത്. ദായേഷ് എന്നപേരിലാണ് സംഘം രാജ്യത്ത് പ്രവർത്തിച്ചിരുന്നത്. ചെന്നൈയിലും കാസർകോട്ടും യോഗം ചേർന്നാണ് സംഘം ഐസിസിലേക്ക് റിക്രൂട്ടിങ് നടത്തിയത്. കേരളത്തിൽനിന്ന് അഫ്ഗാനിസ്താനിലേക്ക് കടന്ന 22 പേർക്കും യാത്രയ്ക്കാവശ്യമായ സഹായങ്ങളും സാമ്പത്തികവും എത്തിച്ചത് ഈ സംഘടനയാണ്.

സോഷ്യൽ മീഡിയയുടെ സഹായത്തോടെയാണ് ആളുകളെ കണ്ടെത്തിയത്. തീവ്ര ഇസ്ലാമിക പക്ഷപാതികളെ സോഷ്യൽ മീഡിയയിലെ കമന്റുകളും മറ്റും നോക്കി കണ്ടെത്തുകയാണ് സോഷ്യൽ മീഡിയാ ഗ്രൂപ്പിന്റെ രീതി. അതിന് ശേഷം അവരിൽ നിന്നും കടുത്ത നിലപാടുള്ളവരെ കണ്ടെത്തി ആകർഷിക്കും. സോഷ്യൽ മീഡിയിയിലെ കമന്റുകളും പ്രതികരണങ്ങളും പോസ്റ്റുകളുമെല്ലാം വിശകലനം ചെയ്താണ് ആരെയെല്ലാം ഈ ഗ്രൂപ്പിൽ ചേർക്കണമെന്ന് ചിന്തിക്കുക. അതിന് ശേഷം ഐസിസിന്റേയും ജിഹാദിന്റേയും ആവശ്യം ബോധ്യപ്പെടുത്തി യുദ്ധ സാഹചര്യത്തിലേക്ക് തള്ളി വിടുന്നതാണ് രീതി. കേരളം കേന്ദ്രീകരിച്ചും ഇത്തരത്തിലെ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ സജീവമാണ്.

ഐസിസിന്റെ കേരള ഘടകം അമീർ കോഴിക്കോട് സ്വദേശി മംഗലശ്ശേരി സജീർ അബ്ദുള്ളയാണ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് കേരളത്തിൽ നിന്നുള്ള റിക്രൂട്ട്‌മെന്റ് പ്രധാനമായും നടന്നത്. സജീറിന് ബന്ധമുള്ള സോഷ്യൽ മീഡിയാ ഗ്രൂപ്പിനെ കുറിച്ചും അന്വേഷണം നടക്കുകയാണ്. ഈ ഗ്രൂപ്പിലെ ഓരോ പോസ്റ്റും കമന്റും പ്രത്യേകം പിരശോധിക്കുന്നുണ്ട്. അംഗങ്ങളുടെ വിവരങ്ങളും ശേഖരിച്ചു കഴിഞ്ഞു. ഈ കൂട്ടായ്മയുടെ സഹായത്തോടെയാണ് സജീർ അന്വേഷണ ഏജൻസികളുടെ കണ്ണുവെട്ടിച്ച് അബുദാബി വഴി അഫ്ഗാനിസ്താനിലേക്ക് കടന്നതെന്നാണ് വിവരം.

ദക്ഷിണേന്ത്യയിൽ സംഘടനയുടെ പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട് സ്വരൂപിക്കുക, പരിശീലന ക്യാമ്പുകൾ, മതബോധന ക്യാമ്പുകൾ എന്നിവ സംഘടിപ്പിക്കുക, തിരഞ്ഞെടുക്കപ്പെട്ടവരെ സിറിയയിലെയും അഫ്ഗാനിസ്താനിലെയും ഐ.എസ്. ക്യാമ്പിലെത്തിക്കുക എന്നിവയും സോഷ്യൽ മീഡിയയുടെ സഹായത്തോടെയാണ് നടക്കുന്നത്. അബുദാബിയിൽനിന്ന് നാടുകടത്തപ്പെട്ട കർണാടക സ്വദേശി അദ്നാൻ ഹുസൈൻ (34), മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ഫർഹാദ് (26) കശ്മീർ സ്വദേശി ഷെയ്ഖ് അസർ അൽ ഇസ്ലാം എന്നിവരാണ് അബുദാബി മൊഡ്യൂളിന് നേതൃത്വം നൽകിയിരുന്നത്. ഇവർ മലയാളികളടക്കമുള്ളവരെ രാജ്യത്തിനകത്തും പുറത്തും നിന്നായി റിക്രൂട്ട് ചെയ്തിട്ടുണ്ട്.

2012 മുതൽ യു.എ.ഇ.യിൽ അക്കൗണ്ടന്റായി ജോലിചെയ്തുവന്നയാളാണ് അദ്നാൻ ഹുസൈൻ. ഹൈദരാബാദ് സ്വദേശിയായ അബ്ദുൾ ബാസിത്തിനും ഐ.എസിന് ഫണ്ട് സമാഹരിച്ചതിന്റെ പേരിൽ കഴിഞ്ഞമാസം പിടിയിലായ ആലപ്പുഴ സ്വദേശി മൂസയ്ക്കും ഇയാൾ പണം കൈമാറിയിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ദാമുദി എന്നപേരിൽ ഓൺലൈൻ മാസികനടത്തി യുവാക്കളെ ആകർഷിക്കാനും ഇയാൾ ശ്രമിച്ചിരുന്നു. ജുനൂദ് ഉൽ ഖാലിഫ ഫിൽ ഹിന്ദ് എന്നപേരിൽ ഐ.എസ്. നേതാവ് ഷാഫി അർമർ സ്ഥാപിച്ച സംഘത്തിലെ പ്രധാനികളും ഇവരായിരുന്നു. ഹൈദരാബാദ് സ്വദേശി മുഹമ്മദ് നഫീസഖാനെ ഐ.എസ്. നേതാവാക്കിയാണ് സംഘം പ്രവർത്തിച്ചിരുന്നത്. 2015-ൽ ഇയാൾ രണ്ടുപേരെ സിറിയയിലേക്ക് കടക്കാൻ സഹായിച്ചതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.

ഇവർക്കെല്ലാം കേരളത്തിലെ സോഷ്യൽ മീഡിയാ ഗ്രൂപ്പുമായി അടുത്ത ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. കേരളാ പൊലീസിന്റെ സഹായത്തോടെയാണ് ഈ നിരീക്ഷണം നടക്കുന്നത്.