കോഴിക്കോട് : കരിപ്പൂർ സ്വർണക്കടത്തു കേസിലെ മൂന്നാം പ്രതി അബു ലൈസ് (അബ്ദുൽലൈസ്) കാഠ്മണ്ഡു വഴി പലതവണ കേരളത്തിൽ വന്നിരുന്നതായി റവന്യു ഇന്റലിജൻസിനു വിവരം ലഭിച്ചു. ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കാഠ്മണ്ഡുവിൽ നിന്ന് ഉത്തർപ്രദേശിലൂടെ കേരളത്തിലെത്തുകയാണ് പതിവ്. ഇങ്ങനെ കേരളത്തിലെത്തിയ അബ്ദുൽലൈസിനെ ഒരിക്കൽ ഉത്തർപ്രദേശ് പൊലീസ് പിടികൂടി. പക്ഷേ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെട്ടു.

കൊഫേപോസ ചുമത്തിയ കേസിലെ പ്രതികളെ പൊലീസ് സഹായിക്കുന്നുവെന്ന ആക്ഷേപം നിലവിലുണ്ട്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്യാതിരിക്കുന്നതു കാരണം ഡിആർഐയ്ക്കു തന്നെ നേരിട്ട് അറസ്റ്റ് ചെയ്യേണ്ട അവസ്ഥയുമുണ്ടായിട്ടുണ്ട്. പിടികിട്ടാപ്പുള്ളിയായ അബുലൈസിനൊപ്പം ഇടതു എംഎൽഎമാരായ കാരാട്ട് റസാഖും പി.ടി.എ. റഹീമും നിൽക്കുന്ന ചിത്രം പുറത്തു വന്നതു വിവാദമായിരുന്നു. ദുബായിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഓഫിസ് ഉദ്ഘാടനച്ചടങ്ങിലാണ് ഇവർ പങ്കെടുത്തത്. ഇത്തരത്തിലെ സ്വാധീനത്തിന്റെ പിന്തുണയിലാണ് അബുലൈസ് കേരളത്തിലെത്തി മടങ്ങുന്നതെന്നാണ് വിലയിരുത്തൽ.

അബുലൈസ് തന്റെ ബന്ധുവാണെന്നും ഒപ്പം ചിത്രമെടുക്കുന്നതിൽ തെറ്റില്ലെന്നുമാണ് പി.ടി.എ. റഹീം പറയുന്നത്. അബുലൈസിന്റെ പേരിൽ തിരിച്ചറിയൽ നോട്ടിസ് ഉണ്ടെന്ന് അറിയാമായിരുന്നു. എന്നാൽ ഇദ്ദേഹത്തെ പൊലീസിനു പിടിച്ചുകൊടുക്കേണ്ടതു തന്റെ ജോലിയല്ലെന്നും റഹീം പറഞ്ഞു. ഈ സാഹചര്യത്തേയും ഗൗരവത്തോടെയാണ് റവന്യൂ ഇന്റലിജൻസ് കാണുന്നത്.

വിമാനത്താവളങ്ങൾ വഴി 39 കിലോ സ്വർണം കടത്തിയ അബുലൈസിന്റെ സംഘത്തിന്റെ തലവൻ കൊടുവള്ളി പടനിലം ആരാമ്പ്രം മടവൂർ എടയാടിപൊയിൽ ടി.എം. ഷഹബാസിനെ 2015 ഓഗസ്റ്റ് 10ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെയും രക്ഷിക്കാനായിരുന്നു പൊലീസ് ശ്രമം. കരുതലോടെ നീങ്ങി റവന്യൂ ഇന്റലിജൻസ് ഇയാളെ പിടിച്ചു. മൂന്നു തവണ ആഭ്യന്തര വകുപ്പിൽ നിന്നു നിർദ്ദേശമുണ്ടായിട്ടും ഷഹബാസിനെ പിടികൂടാൻ ലോക്കൽ പൊലീസിനു കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് ഡിആർഐ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടിയത്.

ദുബായിൽ നിന്നു കോഴിക്കോട് ഉൾപ്പടെയുള്ള വിമാനത്താവളങ്ങൾ വഴി സ്വർണം കടത്തിയ സംഘത്തിന്റെ തലവനാണ് ഷഹബാസ്. സ്വർണക്കള്ളക്കടത്തിനു 2013ൽ പിടിയിലായ റാഹില ചെറായി, എയർ ഹോസ്റ്റസ് ഹീറോമോസ വി. സെബാസ്റ്റ്യൻ എന്നിവരിൽനിന്നാണ് കോഴിക്കോട്, നെടുമ്പാശേരി വിമാനത്താവളങ്ങൾ വഴി സ്വർണക്കള്ളക്കടത്ത് നടത്തുന്ന ഷഹബാസിന്റെ നേതൃത്വത്തിലുള്ള സംഘത്തെ കുറിച്ച് ആദ്യം വിവരം ലഭിച്ചിരുന്നത്. പിന്നീട് ഇയാളെ ബെംഗളൂരുവിൽ അറസ്റ്റു ചെയ്തു. രണ്ടു മാസം ജയിലിൽ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങി. അതിനു ശേഷമാണ് കരുതൽ തടങ്കൽ നിയമം ചുമത്തിയത്.

അതറിഞ്ഞു 2014 ഫെബ്രുവരിയിൽ ഷഹബാസ് മുങ്ങുകയായിരുന്നു. ഈ സംഘത്തിലെ പ്രധാനികളാണ് അബ്ദുൽ ലൈസും കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി നബീലും. ഇവരുടെ പേരിൽ കരുതൽ തടങ്കൽ നിയമപ്രകാരം ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.