കോഴിക്കോട്: കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണ്ണക്കടത്തുകാരും രാഷ്ട്രീക്കാരും തമ്മിലുള്ള ബന്ധം വെളിവാക്കുന്ന കാര്യങ്ങൾ പുറത്തുവന്നിട്ട് കാലം കുറച്ചായി. മുന്നണി ഭേദമില്ലാതെ ഒളിഞ്ഞും തെളിഞ്ഞും നേതാക്കൾ പ്രവർത്തിക്കുന്നു എന്നതാണ് വാസ്തവം. കോഴിക്കോട്ടെ രണ്ട് ഇടത് എംഎൽഎമാർ ആരോപണ വിധേയരായ കേസിൽ ഒടുവിൽ യുഡിഎഫ് നേതാക്കളും വെട്ടിലായി. പിടികിട്ടാപ്പുള്ളിയും കരിപ്പൂർ സ്വർണക്കടത്തു കേസിലെ മൂന്നാം പ്രതിയുമായ അബു ലൈസിന്റെ കൂടെ യുഡിഎഫ് നേതാക്കൾ നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നു.

നേരത്തേ, അബുലൈസും പി ടി എ റഹീമും ഒപ്പം നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. കോൺഗ്രസ് നേതാവ് ടി സിദ്ദിഖ് , പി കെ ഫിറോസ് എന്നിവർ അബു ലൈസിന്റെ കൂടെ നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചെടുത്ത ചിത്രങ്ങളാണിതെന്നാണു റിപ്പോർട്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ദുബായിൽ പോയപ്പോൾ നിരവധി പേർ തനിക്കൊപ്പം ചിത്രമെടുത്തിട്ടുണ്ടെന്നാണ് ടി.സിദ്ദിഖ് സംഭവത്തോട് പ്രതികരിച്ചത്. അബു ലൈസിനെ വ്യക്തിപരമായി അറിയില്ല. ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നും സിദ്ദിഖ് പറഞ്ഞു.

അബുലൈസിനൊപ്പം ഇടതു എംഎൽഎമാരായ കാരാട്ട് റസാഖും പി.ടി.എ.റഹീമും നിൽക്കുന്ന ചിത്രം വലിയ ചർച്ചയായിരുന്നു. ദുബായിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഓഫിസ് ഉദ്ഘാടനച്ചടങ്ങിലാണ് ഇവർ പങ്കെടുത്തത്. അബുലൈസ് തന്റെ ബന്ധുവാണെന്നും ഒപ്പം ചിത്രമെടുക്കുന്നതിൽ തെറ്റില്ലെന്നുമാണ് റഹീം പ്രതികരിച്ചത്. അബുലൈസിന്റെ പേരിൽ തിരിച്ചറിയൽ നോട്ടിസ് ഉണ്ടെന്ന് അറിയാമായിരുന്നു. എന്നാൽ ഇദ്ദേഹത്തെ പൊലീസിനു പിടിച്ചുകൊടുക്കേണ്ടതു തന്റെ ജോലിയല്ലെന്നും റഹീം പറഞ്ഞു. സമ്മതിദായകനായ ഒരാൾക്കൊപ്പം ചടങ്ങിൽ പങ്കെടുക്കുന്നതു തെറ്റല്ലെന്നും ഇയാൾക്കെതിരെ കേസുണ്ടെന്ന് അറിയാമെന്നു കാരാട്ട് റസാഖും പ്രതികരിച്ചു.

അതിനിടെ, അബു ലൈസ് കാഠ്മണ്ഡു വഴി പലതവണ കേരളത്തിൽ വന്നിരുന്നതായി റവന്യു ഇന്റലിജൻസിനു വിവരം ലഭിച്ചു. ഇതിനു പൊലീസിന്റെ ഒത്താശയുണ്ടായിരുന്നതായും സൂചനയുണ്ട്. കാഠ്മണ്ഡുവിൽ നിന്ന് ഉത്തർ പ്രദേശിലൂടെ കേരളത്തിലെത്തിയിരുന്ന അബ്ദുൽലൈസിനെ ഒരിക്കൽ ഉത്തർപ്രദേശ് പൊലീസ് പിടികൂടിയിരുന്നു. എന്നാൽ, തന്റെ സ്വാധീനം ഉപയോഗിച്ച് ഇയാൾ കടന്നു കളഞ്ഞെന്നാണു റവന്യു ഇന്റലിജൻസിനു ലഭിക്കുന്ന വിവരം.

കൊഫേപോസ ചുമത്തിയ കേസിലെ പ്രതികളെ പൊലീസ് സഹായിക്കുന്നുവെന്ന ആക്ഷേപം നിലവിലുണ്ട്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്യാതിരിക്കുന്നതു കാരണം ഡിആർഐയ്ക്കു തന്നെ നേരിട്ട് അറസ്റ്റ് ചെയ്യേണ്ട അവസ്ഥയുമുണ്ടായിട്ടുണ്ട്. കൊഫേപോസ കേസിലെ പ്രതികൾ പതിവായി വന്നു പോയിരുന്നതു പൊലീസ് രഹസ്യാന്വേഷണ വിഭാഗം അറിഞ്ഞില്ലെന്നതും വിശ്വസിക്കാൻ ഡിആർഐ തയാറാകുന്നില്ല.