അബു സലിം എന്ന 'വില്ലൻ' ഏറെ സന്തോഷത്തിലാണ്. ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷം സഫലമായതിന്റെ സന്തോഷത്തിലാണ് പൊലീസുദ്യോഗസ്ഥൻ കൂടിയായിരുന്ന ഈ നടൻ.

മുൻ മിസ്റ്റർ യൂണിവേഴ്‌സ് ആർനോൾഡ് ഷ്വെയ്‌സ്‌നെഗറെ നേരിൽ കാണുകയെന്നത് അബു സലിമിന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു. ശരീരസൗന്ദര്യത്തിന് പ്രത്യേക പരിഗണന നൽകുന്ന ഏതൊരാളും കൊതിക്കുന്നതാണത്. ഒടുവിൽ ആഗ്രഹം പൂർത്തീകരിക്കാൻ അബു സലിമിനായി.

ഐ എന്ന തമിഴ് സിനിമയുടെ ഓഡിയോ റിലീസിന് ഷ്വെയ്‌സ്‌നെഗർ എത്തിയപ്പോഴാണ് അദ്ദേഹത്തെ കാണാൻ അബുവിനും അവസരം ലഭിച്ചത്. കന്യകയ്ക്കു നൽകിയ അഭിമുഖത്തിലാണ് അബു സലിം ജീവിതാഭിലാഷം സഫലമായതിന്റെ സന്തോഷം പങ്കുവച്ചത്.

''ഞാൻ ജീവിതാഭിലാഷം പോലെ കൊണ്ടു നടന്ന കാര്യമാണ് ലോകപ്രശസ്ത താരം ആർനോൾഡ് ഷ്വെയ്‌സ്‌നെഗറിനെ നേരിൽ കാണുക എന്നത്. വളരെ ചെറിയ പ്രായം മുതലേയുള്ള ആഗ്രഹമായിരുന്നു എന്നെങ്കിലും ഒരിക്കൽ അദ്ദേഹത്തെ കാണണം. കഴിയുമെങ്കിൽ സംസാരിക്കണം. കൂടെ നിന്ന് ചിത്രമെടുക്കണം''- അബു സലിം പറയുന്നു. ''ഞാൻ ജീവിതത്തിൽ ഏറ്റവുമധികം കാണാൻ കൊതിച്ചയാളാണ് ലോകത്തിലെ ഏറ്റവും മനോഹരമായ ശരീരസൗന്ദര്യമുള്ള ആർനോൾഡ്''.

ആഗ്രഹം സാധിക്കാനായതിൽ അബുവിനു പ്രത്യേക നന്ദി അറിയിക്കാനുള്ളത് തമിഴ് നാട്ടിലെ സൂപ്പർ താരം വിക്രമിനോടാണ്. ''ആർനോൾഡിനെ നേരിൽ കാണാൻ എനിക്ക് അവസരമൊരുക്കിത്തന്നത് തെന്നിന്ത്യൻ സൂപ്പർതാരം വിക്രമായിരുന്നു.'' അബു സലിമിന്റെ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് വിക്രം.

സംവിധായകൻ ശങ്കറാണ് 'ഐ' എന്ന ചിത്രത്തിന്റെ സംവിധായകൻ. വിക്രം നായകനായ ഈ ചിത്രത്തിന്റെ ഓഡിയോ റിലീസിനാണ് ഷ്വെയ്‌സ്‌നെഗർ എത്തിയത്. സെപ്റ്റംബറിൽ നടന്ന ചടങ്ങിന് മുൻ മിസ്റ്റർ യൂണിവേഴ്‌സ് എത്തിയപ്പോഴാണ് അബു സലിം അദ്ദേഹത്തെ കണ്ടത്.

''ഓഡിയോ റിലീസിങ് ദിവസം മദ്രാസിലെ പ്രമുഖ ഹോട്ടലിന്റെ റെസ്‌റ്റോറന്റിൽ വച്ചാണ് ഞാൻ ആർനോൾഡിനെ കണ്ടത്. അദ്ദേഹം രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ വന്ന സമയമായിരുന്നു. വൻ സെക്യൂരിറ്റി സംവിധാനമായിരുന്നു. എന്നാൽ എന്റെ അടുത്ത സുഹൃത്തായ കമ്പളക്കാട്ട് സ്വദേശിയായ റെയിൽവേ ഡിഐജി അഷ്‌റഫിന്റെ സഹായത്തോടെയാണ് എനിക്ക് ആർനോൾഡുമായി കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞത്.''- അബു പറഞ്ഞു.

എന്നാൽ, അടുത്തേക്കു ചെല്ലാൻ അൽപ്പം പേടിയുണ്ടായിരുന്നുവെന്നും സൂപ്പർ താരം തന്നെ നോക്കി ചിരിച്ചപ്പോഴാണ് ആശ്വാസമായതെന്നും അബു സലിം പറഞ്ഞു. ''ഭക്ഷണം കഴിച്ചശേഷം ലോബിയിലേക്ക് വന്നപ്പോഴാണ് ഞാൻ പരിചയപ്പെടാനായി ചെന്നത്. എന്നെ കണ്ടപ്പോഴേ നല്ല പരിചയഭാവത്തിൽ എന്നെ നോക്കിച്ചിരിച്ചു. അദ്ദേഹത്തിന്റെ ചിരിക്കുന്ന മുഖം കണ്ടപ്പോഴേ പേടിയൊക്കെ മാറി എനിക്ക് സന്തോഷമായി. ഉടനെ ഓടിച്ചെന്ന് ഞാൻ പരിചയപ്പെട്ടു. ഞാനുമൊരു ബോഡിബിൽഡറാണെന്നും ചലച്ചിത്ര നടനുമാണെന്നും പറഞ്ഞു. അപ്പോൾ അദ്ദേഹമെന്നെ കെട്ടിപ്പിടിച്ചു. തോളിൽ തട്ടി അഭിനന്ദിച്ചു. ശരീരം നോക്കി അഭിനയിക്കണമെന്നും ശരീരത്തിന് ക്ഷതം വരുന്ന ജോലിയൊന്നും ചെയ്യരുതെന്നും പറഞ്ഞു.''

ശരീര സൗന്ദര്യാരാധകരുടെ കാണപ്പെട്ട ദൈവമായ ആർനോൾഡ് എന്ന ഹോളിവുഡ് സൂപ്പർ താരത്തിന്റെ കടുത്ത ആരാധകനാണു താനെന്ന് അബു സലിം ഷ്വെയ്‌സ്‌നെഗറിനോടു പറഞ്ഞു. ആർനോൾഡ് എഴുതിയ എൻസൈക്ലോപീഡിയ ഓഫ് ബോഡി ബിൽഡിങ് എന്ന പുസ്തകം വായിച്ചിട്ടുണ്ടെന്നും ഷ്വെയ്‌സ്‌നെഗറിനോടു അബു പറഞ്ഞു. സുഹൃത്തിന്റെ കൈയിൽ ക്യാമറ ഉണ്ടായിരുന്നതിനാൽ ധാരാളം ചിത്രങ്ങൾ എടുക്കാനായെന്നും ഈ കൂടിക്കാഴ്ച ജീവിതത്തിൽ ഒരിക്കലും മറക്കാനാവില്ലെന്നും അബു സലിം പറഞ്ഞു.