നുഷ്യമരം എന്നായിരുന്നു അബ്ദുൾ ബജൻദാറിനെ ഇത്രകാലവും നാട്ടുകാർ കളിയാക്കി വിളിച്ചിരുന്നത്. കൈകളിൽനിന്ന് വേരുകൾ പോലെ പുറത്തേയ്ക്ക് വളർന്ന് പടർന്നതോടെയാണ് ഇത്തരമൊരു വിളിപ്പേരുവീണത്. അത്യപൂർമായ ജനിതക തകരാറാണ് ഇത്തരമൊരു അവസ്ഥയിലേക്ക് ഈ 27-കാരനെ എത്തിച്ചത്. അബ്ദുളിന്റെ ദൈന്യത ലോകം മുഴുവൻ അറിഞ്ഞതോടെ, അയാളെ രക്ഷപ്പെടുത്താൻ മനുഷ്യസ്‌നേഹികൾ ഒരുമിച്ചു.

16 തവണ സങ്കീർണമായ ശസ്ത്രക്രിയകൾക്ക് വിധേയനായ അബ്ദുൾ ഇപ്പോൾ ട്രീമാൻ ഡിസീസിൽനിന്ന് മുക്തനായി. റിക്ഷാ ഓടിച്ച് വീണ്ടും തനിക്ക് കുടുംബം പുലർത്താനാകുമെന്ന പ്രതീക്ഷയിൽ അബ്ദുൾ സ്വപ്‌നം കാണാൻ തുടങ്ങി. 'എപ്പിഡെർമോദിസ്പ്ലാസിയ വെറൂസിഫോർമിസ്' എന്ന ജനിതക രോഗമാണ് അബ്ദുളിന്റെ കൈകളിൽ വേരുകൾ പോലുള്ള വളർച്ചയുണ്ടാകാൻ കാരണം. ലോകത്ത് ഇതേവരെ നാലുപേർക്കുമാത്രമേ ഈ രോഗം കണ്ടെത്തിയിട്ടുള്ളൂ.

ഡോക്ടർമാരെ പലരെയും കണ്ടെങ്കിലും ചികിത്സയ്ക്കാവശ്യമായ പണം കണ്ടെത്തുക അബ്ദുളിന് ആലോചിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് അബ്ദുളിനെ സഹായിക്കാൻ മനുഷ്യസ്‌നേഹികൾ ഒരുമിച്ചത്. ധാക്ക മെഡിക്കൽ കോളേജിന്റെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ നാഴികക്കല്ലെന്നാണ് ഈ ചികിത്സയെ ആശുപത്രിയിലെ പ്ലാസ്റ്റിക് സർജറി കോർഡിനേറ്റർ സാമന്ത ലാൽ സെൻ വിശേഷിപ്പിച്ചത്.

16 തവണയാണ് അബ്ദുൾ ശസ്ത്രക്രിയക്ക് വിധേനയായത്. രണ്ടുകൈകളിലും കാൽപാദങ്ങളിലുമായിരുന്നു വേരുകൾ പോലെ വളർച്ചയുണ്ടായിരുന്നത്. ഒരിമാസത്തിനുള്ളിൽ അബ്ദുളിന് ആശുപത്രി വിടാനാകുമെന്ന് ഡോക്ടർമാർ പറയുന്നു. കൈകളുടെ രൂപം ശരിയാക്കുന്നതിന് ഒന്നുരണ്ട് പ്ലാസ്റ്റിക് സർജറികൾ കൂടി ഇനിയും ചെയ്യാനുണ്ട്. അതുകൂടി പൂർത്തിയായാൽ, തന്റെ മൂന്നുവയസ്സുകാരിയായ മകളെ അബ്ദുളിന് എടുക്കാനാവും. മടിയിരുത്തി ഓമനിക്കാനാവും.

ട്രീമാൻ ഡിസീസ് ചികിത്സിച്ച് ഭേദമാക്കപ്പെട്ട ആദ്യത്തെയാളാകും അബ്ദൂൾ എന്ന് ഡോക്ടർമാർ കരുതുന്നു. കഴിഞ്ഞവർഷം ഇതേ രോഗം ബാധിച്ച് ഇൻഡോനേഷ്യയിൽ ഒരാൾ മരിച്ചിരുന്നു. ധാക്ക മെഡിക്കൽ കോളേജിലെ ഡോക്ടർമാർ സൗജന്യമായാണ് അബ്ദൂളിന്റെ ചികിത്സ നടത്തിയത്. മരുന്നുകൾക്കുള്ള ചെലവ് സുമനസ്സുകളുടെ സഹായത്താലും നടന്നുപോകുന്നു.