- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.ജി.ജോർജിനും കുടുംബത്തിനുമെതിരെ അധിക്ഷേപം; ശാന്തിവിള ദിനേശിനെതിരെ മുഖ്യമന്ത്രിക്ക് സെൽമ ജോർജ് പരാതി നൽകി; ദിനേശിന് ഫെഫ്കയുടെ കാരണം കാണിക്കൽ നോട്ടീസ്
തിരുവനന്തപുരം: ചലച്ചിത്ര സംവിധായകൻ കെ.ജി.ജോർജ്ജിനും കുടുംബത്തിനുമെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തിയതിന് ശാന്തിവിള ദിനേശിനെതിരെ പരാതി. ജോർജിന്റെ ഭാര്യ സൽമ ജോർജ്ജ് മുഖ്യമന്ത്രിക്ക് നൽകിയ പരാതി തുടർനടപടിക്കായി പൊലീസിന് കൈമാറി.
കെ.ജി.ജോർജിനെയും തന്നെയും യു ട്യൂബ് ചാനൽവഴി സംവിധായകൻ ശാന്തിവിള ദിനേശ് വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നാണ് സെൽമ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പരാതി നടപടിക്കായി മുഖ്യമന്ത്രി പൊലീസിന് കൈമാറി. അതിനിടെ സംവിധായകരുടെ സംഘടനയായ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ശാന്തിവിള ദിനേശിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. സംവിധായകനും തിരക്കഥാകൃത്തുമായ ശാന്തിവിള ദിനേശ് ഫെഫ്ക അംഗമാണ്..
മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ പ്രതിഭ എന്നതിനൊപ്പം കെ.ജി.ജോർജ് ഒരു ദുർനടപ്പുകാരനാണ് എന്നായിരുന്നു സംവിധായകൻ ശാന്തിവിള ദിനേശിന്റെ വിവാദ പരാമർശം. ഇലവങ്കോട് ദേശത്തിന് ശേഷം ജോർജിന്റെ സിനിമാജീവിതം അവസാനിച്ചത് ഈ ദുർനടപ്പുകാരണമാണെന്നും, ജോർജിനെ കുടുംബാംഗങ്ങൾ ഇപ്പോൾ വൃദ്ധസദനത്തിൽ തള്ളിയിരിക്കുകയാണെന്നും സ്വന്തം യു ട്യൂബ് ചാനലിൽ ശാന്തിവിള ദിനേശ് ആരോപിച്ചു.
ഇതിനെതിരെയാണ് സെൽമ ജോർജിന്റെ പരാതി. ഫിസിയോതെറാപ്പി അടക്കം ആവശ്യമുള്ളതിനാലാണ് ചികിൽസ ലഭിക്കുന്നയിടത്തേക്ക് ജോർജിനെ മാറ്റിയത്. ഇക്കാര്യം ജോർജിനോട് ആന്വേഷിച്ചാൽ സത്യാവസ്ഥ ബോധ്യപ്പെടും. ഇതേക്കുറിച്ച് പറയാൻ ശാന്തിവിള ദിനേശിന് എന്ത് അവകാശമെന്നും സെൽമ ചോദിക്കുന്നു.
സെൽമക്ക് ജോർജിന്റെ ഭാര്യയാകാൻ യോഗ്യതയില്ലെന്ന അധിക്ഷേപവും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പരാതിയിൽ പൊലീസ് നടപടി തുടങ്ങി. ഇതിന് പിന്നാലെയാണ് സെൽമയുടെതന്നെ പരാതിയിൽ സംവിധായകരുടെ സംഘടനയായ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ശാന്തിവിള ദിനേശിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചതും.
സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന വിധത്തിൽ യൂട്യൂബിലൂടെ അപകീർത്തി പരാമർശം നടത്തിയതിന് ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ നേരത്തെയും ശാന്തിവിള ദിനേശിനെതിരെ കേസെടുത്തിരുന്നു. ഈ കേസിൽ ഹൈക്കോടതിയിൽ നിന്നാണ് ശാന്തിവിള ദിനേശ് മുൻകൂർ ജാമ്യമെടുത്തത്. അന്ന് പൊലീസ് താക്കീത് നൽകുകയും ചെയ്തിരുന്നു. പിന്നീട് വീണ്ടും ദിനേശ് അപവാദ പ്രചരണം നടത്തുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ