കോഴിക്കോട്: ശനിയാഴ്ച തലസ്ഥാനത്ത് നടക്കുന്ന എ.ബി.വി.പി റാലിയിൽ പങ്കെടുക്കാനെത്തിയരിൽ കൂട്ടത്തോടെ ടിക്കറ്റ് എടുക്കാത്തവർ ഉണ്ടെന്ന് പരാതികിട്ടിയിട്ടും അധികൃതൾ അവഗണിച്ചതായി പരാതി. കൂടാതെ ഔദ്യോഗിക അനൗൺസ്‌മെന്റ് സംവിധാനം ഉപയോഗിച്ച് സ്വാഗതമാശംസിച്ചും നിർദേശങ്ങൾ നൽകിയും റെയിൽവേ കേന്ദ്രം ഭരിക്കുന്ന പാർട്ടിയോടുള്ള വിധേയത്വം കാണിച്ചു. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ മധ്യപ്രദേശ് സംഘത്തിലെ 15പേർക്ക് ടിക്കറ്റില്ലാത്തിന് 11,200 രൂപയാണ് പിഴയിട്ടത്. ഇതേതുടർന്നാണ് ഷൊർണൂരിൽനിന്ന് റെയിൽവേ അധികൃതർ ഇങ്ങനെ കൂട്ടമായി ഉത്തരേന്ത്യയിൽനിന്ന് ടിക്കറ്റ് എടുക്കാതെ എത്തുന്നുണ്ടെന്നും അതിനാൽ കർശന പരിശോധനവേണമെന്നും അറിയച്ചത്. എന്നാൽ തിരുവനന്തപുരം റെയിവേ സ്‌റ്റേഷനിൽ യാതൊരു പരിശോധനയും ഉണ്ടായില്ല.

വെള്ളിയാഴ്ച തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിൽ ട്രെയിൻ അറിയിപ്പുകൾ നൽകാൻ മാത്രം ഉപയോഗിക്കുന്ന സംവിധാനം ദുരുപയോഗം ചെയ്ത് അസാധാരണ നടപടിയുമുണ്ടായി. ഓരോ ട്രെയിൻ വന്നുപോകുമ്പോഴും ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലുമടക്കം സ്വാഗതം നേരലുണ്ടായി. റാലിയിൽ പങ്കെടുക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് നിരവധി പ്രവർത്തകർ വെള്ളിയാഴ്ച രാവിലെ മുതൽ തമ്പാനൂരിൽ എത്തിയിരുന്നു.

ഇവർക്കായി സ്‌റ്റേഷനിൽ മൂന്ന് കൗണ്ടറുകൾ സംഘാടകൾ ഒരുക്കിയിരുന്നു. പ്രവർത്തകർക്കുവേണ്ട നിർദേശങ്ങളും അനൗൺസ്‌മെന്റിന്റെ ഭാഗമായി ഉണ്ടായിരുന്നു. ഒന്നാമത്തെ പ്ലാറ്റ്‌ഫോമിൽനിന്ന് മറ്റ് ട്രെയിനുകളുടെ അറിയിപ്പ് യാത്രക്കാർക്ക് നൽകുന്നതിനിടെയാണ് പ്രവർത്തകരെ തലസ്ഥാനത്തേക്ക് സ്വാഗതം ചെയ്തുള്ള സന്ദേശവും വന്നത്. ഔദ്യോഗിക അറിയിപ്പുകൾക്ക് പുറമെ ഏജൻസി വഴി ലഭിക്കുന്ന പരസ്യങ്ങൾ ഡിവിഷൻ അധികൃതരുടെ അനുമതിയോടെ നിശ്ചിത സമയത്തേക്ക് നൽകാറുണ്ട്. സ്വാഗതമാശംസിക്കൽ സന്ദേശം അനൗൺസ്‌മെന്റ് വഴി നൽകുന്നതിന് അനുമതിയുണ്ടായിട്ടില്ലെന്നാണ് വിവരം. പരസ്യങ്ങൾക്ക് സംഗീതശകലങ്ങൾ ഉപയോഗിച്ചുള്ള തുടക്കമുണ്ടാകും. ഇതിൽ അത്തരമൊന്നുണ്ടായിരുന്നില്ലെന്നും അറിയിപ്പിന്റെ സ്വഭാവത്തിൽതന്നെയായിരുന്നുവെന്നും റെയിൽവേ ജീവനക്കാർ പറയുന്നു. റെയിൽവേയിലെ ചില ഉന്നതരുടെ നിർദേശപ്രകാരമാണ് അനൗൺസ്‌മെന്റ് നൽകിയതെന്നും സൂചനയുണ്ട്.

കഴിഞ്ഞദിവസമാണ് മാർക്വിസ്റ്റ് അക്രമങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ കേരളത്തിലെത്തിയ മധ്യപ്രദേശ് സംഘത്തിലെ 15പേർക്ക് ടിക്കറ്റില്ലാത്തിന് 11,200 രൂപ പിഴയിട്ടത്. കോഴിക്കോട് വച്ചായരിുന്ന സംഭവം.ടിക്കറ്റില്ലെന്ന് മാത്രമല്ല ബോഗി തങ്ങൾ ബുക്ക് ചെയ്തതാണെന്ന് പറഞ്ഞ് കമ്പാർട്ട്‌മെന്റ് അടച്ച് മറ്റാരെയുംകയറാൻ അനുവദിക്കാതെ ഇവർ ഭീകരാന്തരീക്ഷവും സൃഷ്ടിച്ചു.

'ചലോ കേരള' റാലിയിൽ പങ്കെടുക്കാൻ ഉത്തരേന്ത്യയിൽ നിന്നെത്തിയ എ.ബി.വി.പി പ്രവർത്തകരാണ് മലയാളികളടക്കമുള്ള യാത്രക്കാരെ ട്രെയിനിൽ കയറാൻ അനുവദിക്കാതിരുന്നത്. റാലിയിൽ പങ്കെടുക്കാൻ മധ്യപ്രദേശിൽനിന്ന് തിരുവനന്തപുരത്തേക്ക് യാത്രതിരിച്ച 65 അംഗ സംഘമാണ് പ്രശ്‌നങ്ങൾ സൃഷ്ടിച്ചത്. ഇൻഡോർഫകൊച്ചുവേളി എക്സ്‌പ്രസിലെ ജനറൽ കമ്പാർട്ട്‌മെന്റിലായിരുന്നു സംഘത്തിന്റെ യാത്ര.
ട്രെയിൻ കണ്ണൂർ സ്‌റ്റേഷനിലെത്തിയതോടെ സംഘം കമ്പാർട്ട്‌മെന്റിന്റെ വാതിലുകൾ ഉള്ളിൽനിന്ന് പൂട്ടി മറ്റുയാത്രക്കാർ കയറുന്നത് തടയുകയായിരുന്നു.

എ.ബി.വി.പി പ്രവർത്തകർ കോച്ച് ബുക്കു ചെയ്തതിനാലാണ് മറ്റുയാത്രക്കാരെ കയറ്റാത്തത് എന്നതായിരുന്നു സംഘത്തിന്റെ അവകാശവാദം. എന്നാൽ ഇത് ശരിയല്ലെന്ന് റെയിൽവേ അധികൃതർ കണ്ടെത്തി. മാത്രമല്ല പകൽ ഈ കമ്പാർട്ട്‌മെന്റിൽ ആർക്കും ടിക്കറ്റെടുത്ത് കയറാമെന്നാണ് നിയമം. അതിനിടെ ടിക്കറ്റെടുത്തിട്ടും ട്രെയിനിൽ കയറാൻ അനുവദിച്ചില്ലെന്നുകാട്ടി കണ്ണൂർ സ്വദേശിയായ ടി. മനോഹരൻ റെയിൽവേ സംരക്ഷണസേനക്കും പൊലീസിനും പരാതി നൽകി. രാവിലെ ഒമ്പതരയോടെ ട്രെയിൻ കോഴിക്കോട് സ്‌റ്റേഷനിലെത്തിയപ്പോഴും സംഘം യാത്രക്കാരെ കയറാൻ അനുവദിച്ചില്ല. ഇതോടെ റെയിൽവേ ഉദ്യോഗസ്ഥരും ആർ.പി.എഫും ഇടപെട്ട് മറ്റുയാത്രക്കാർക്ക് കമ്പാർട്ട്‌മെന്റിൽ കയറാൻ അവസരമൊരുക്കുകയായിരുന്നു.

പൊലീസ് പരിശോധനയിൽ സംഘത്തിലെ 15 പേർക്ക് ടിക്കറ്റില്ലെന്ന് കണ്ടെത്തിയതോടെ ഇവരെ ഇറക്കിവിടണമെന്ന് മറ്റുയാത്രക്കാർ ആവശ്യപ്പെട്ടത് വാക് തർക്കത്തിനിടയാക്കി. ഇതിനിടെ യാത്ര പുറപ്പെട്ടെങ്കിലും സംഘത്തിലെ ഒരാൾ ചെയിൻ വലിച്ച് ട്രെയിൻ നിർത്തിച്ചു. അവസാനം റെയിൽവേ സുരക്ഷസേനയിലെ ഉദ്യോഗസ്ഥർ ഇവർക്കൊപ്പം സഞ്ചരിച്ച് ഷൊർണൂരിൽനിന്ന് ടി.ടി.ആർ മുഖാന്തരം ടിക്കറ്റുകളുടെ പരിശോധന നടത്തുകയും 15 പേരിൽനിന്ന് മധ്യപ്രദേശിലെ രത്തലം മുതൽ കൊച്ചുവേളിവരെയുള്ള ടിക്കറ്റ് തുക കണക്കാക്കി 11,200 രൂപ പിഴ ഈടാക്കുകയും ചെയ്തു. ട്രെയിൻ ചെയിൻ വലിച്ചു നിർത്തിച്ചതിനും ആളുകളെ കയറ്റാത്തതിനും മൂന്ന് എ.ബി.വി.പി പ്രവർത്തകരുടെ പേരിൽ റെയിൽവേ സംരക്ഷണസേന കേസ് എടുത്തിട്ടുമുണ്ട്.