ഹൗറ-ജോധ്പുർ എക്സ്‌പ്രസ് ട്രെയിനിലെ എ.സി കമ്പാർട്ട്‌മെന്റിൽ കടന്ന് മോഷണം നടത്തിയെന്ന് ആരോപിച്ച് യാത്രക്കാർ 17 വയസ്സുള്ള പെൺകുട്ടിയെ നഗ്നയാക്കി തലമുണ്ഡനം ചെയ്തു. ബ്രെയിൻ ട്യൂമർ ബാധിതയായ, മനോ വൈകല്യമുള്ള പെൺകുട്ടിയാണ് യാത്രക്കാരിൽനിന്ന് ക്രൂരമായ പീഡനത്തിന് ഇരയായത്. അക്രമം നടത്തിയ യാത്രക്കാർക്കെതിരെ നടപടിയെടുക്കാതെ പൊലീസ് പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യിച്ചു.

17 വയസ്സും 10 മാസവും പ്രായമുള്ള പെൺകുട്ടിയെ, 19 വയസ്സുകാരിയായി എഫ്.ഐ.ആറിൽ എഴുതിച്ചേർത്താണ് കോടതിയിൽ ഹാജരാക്കിയതെന്ന് പെൺകുട്ടിയുടെ അച്ഛൻ ആരോപിച്ചു. തന്റെ മകളുടെ ആരോഗ്യ നില പരിഗണിക്കുകയോ അവളെ ക്രൂരമായി മാനംഭംഗപ്പെടുത്തിയവർക്കെതിരെ കേസ്സെടുക്കുകയോ ചെയ്യാൻ പൊലീസ് തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

ആഗ്രയിലേക്ക് പോവുകയായിരുന്ന ട്രെയിൻ ഫിറോസബാദിനും ടുൺഡിയക്കും ഇടയിൽവച്ചാണ് സംഭവം നടന്നത്. കഴിഞ്ഞ ഒരുവർഷമായി ബ്രെയിൻ ട്യൂമറിന് ചികിത്സയിലാണ് പെൺകുട്ടി. വീടിനടുത്ത് നടക്കുന്ന പ്രദർശനം കാണാൻ പോകുന്നതിന് 100 രൂപ നൽകാതിരുന്ന വീട്ടുകാരുമായി പിണങ്ങി ഞായറാഴ്ച വീടുവിട്ടിറങ്ങിയ പെൺകുട്ടി ട്രെയിനിൽകയറിപ്പറ്റുകയായിരുന്നു.

എന്നാൽ, പെൺകുട്ടിയെ ബാഗ് മോഷ്ടിക്കുന്നതിനിടെ കൈയോടെ യാത്രക്കാർ പിടികൂടുകയായിരുന്നുവെന്ന് ആഗ്ര ഫോർട്ട് സ്‌റ്റേഷൻ ഓഫീസർ ലളിത് ത്യാഗി പറഞ്ഞു. യാത്രക്കാർ പെൺകുട്ടിയുടെ വസ്ത്രങ്ങളഴിച്ച് പരിശോധിക്കുകയും തലമുടി മുറിക്കുകയും ചെയ്തുവെന്നും പൊലീസ്  സഥിരീകരിച്ചു. പെൺകുട്ടിയെ രക്ഷപ്പെടുത്താൻ വന്ന ടിടിഇയെയും യാത്രക്കാർ വിരട്ടിയോടിച്ചു.

യാത്രക്കാർക്കിതിരെ ടിടിഇയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ്സെടുത്തിട്ടുണ്ടെന്ന് റെയിൽവേ പൊലീസ് പറഞ്ഞു. എന്നാൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്താൻ ശ്രമിച്ചതിന് ആറുപേർക്കെതിരെ പരാതിയെടുത്തതൊഴിച്ചാൽ, പെൺകുട്ടിയെ ഉപദ്രവിച്ചതിന് ഇവർക്കെതിരെ പരാതിയില്ല. പെൺകുട്ടിക്കെതിരെ മോഷണക്കുറ്റം ചുമത്തിയാണ് കേസ്സെടുത്തിരിക്കുന്നത്. പെൺകുട്ടിയുടെ മനോനില തകരാറിലാണെന്ന് ജഡ്ജിയോടും പൊലീസുകാരോടും പറഞ്ഞെങ്കിലും അത് പരിഗണിക്കപ്പെട്ടില്ലെന്ന് മാതാപിതാക്കൾ പറയുന്നു.