മുംബൈ: ക്രിസ്മസ് സമ്മാനമായി തിങ്കളാഴ്ച മുംബൈയിൽ രാജ്യത്തെ ആദ്യ എ.സി സബർബൻ ട്രെയിൻ സർവീസ് തുടങ്ങി. ആദ്യ ദിനം തന്നെ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തതിന് ഒരാളെ പിടികൂടി പിഴ അടപ്പിക്കുകയും ചെയ്തു. ഈ ട്രയിനിൽ ആദ്യ ആറുമാസത്തേക്ക് യാത്രികരെ ആകർഷിക്കാൻ വമ്പൻ ഓഫറുകളും ഉണ്ട്. ഒരു മാസത്തേക്കും രണ്ടാഴ്ചത്തേക്കും പിന്നെ ഏഴ് ദിവസത്തേക്കും പാസുകൾ യാത്രക്കാർക്കായുണ്ട്. ചർച്ച് ഗേറ്റ് മുതൽ വിഹാർ വരെ ഒരു മാസത്തെ യാത്രയ്ക്ക് 2040 രൂപയാകും ചെലവാകുക. എന്നിട്ടും കള്ളവണ്ടിക്കാരെത്തുന്നു.

ചർച്ച് ഗേറ്റിലേക്കുള്ള ട്രെയിനിൽ നിന്നാണ് ഒരാളെ ടിക്കറ്റ് പരിശോധകർ പിടികൂടിയത്. ഇയാളിൽ നിന്ന് 435 രൂപയാണ് പിഴ ഈടാക്കിയത്. 165 രൂപ ടിക്കറ്റ് നിരക്കും 250 രൂപ പിഴയും 10 രൂപ വീതം കേന്ദ്ര സംസ്ഥാന ജിഎസ്ടിയും ചേരുന്നതാണ് ഈ പിഴ. പശ്ചിമ റെയിൽവെ തുടക്കത്തിൽ അഞ്ച് സർവീസുകളാണ് ദിവസവും നടത്തുന്നത്. 446 പേരാണ് ആദ്യദിനം ടിക്കറ്റെടുത്തത്. ഇതുവഴി 62,746 രൂപ വരുമാനമായി കിട്ടി.

മുംബൈ സബർബൻ ട്രെയിനിന്റെ ചുവടുപറ്റി ലോക്കൽ ട്രെയിനിൽ എസി സൗകര്യം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് കൊൽക്കത്ത, ചെന്നൈ, സെക്കൻദരാബദ് തുടങ്ങിയ നഗരങ്ങളും. മുംബൈ മാതൃകയിൽ 12 കോച്ചുകളുള്ള ട്രെയിൻ തന്നെ ഈ നഗരങ്ങളിലും എത്തിക്കാനാണ് ഇവർ തയ്യാറെടുക്കുന്നത്. മുംബൈ നഗരത്തിലെ യാത്രക്കാർക്ക് റെയിൽവേയുടെ ക്രിസ്മസ് പുതുവത്സര സമ്മാനമാണ് ഇത്. നഗരത്തിലെ യാത്രകൾക്കുള്ള സബർബൻ ട്രെയിനുകളിൽ ആദ്യമായാണ് എസി സൗകര്യം ഒരുക്കുന്നത്. അന്ധേരിയിൽ നിന്ന് ചർച്ച്ഗേറ്റ് വരെയായിരുക്കും ലോക്കൽ എസി ട്രെയിൻ സർവീസ് നടത്തുന്നത്.

ഉദ്ഘാടന സർവീസിന് ശേഷം ദിവസേന ആറ് എസി സബർബൻ സർവീസുകളാണ് നടത്തുക. എന്നാൽ, ശനി, ഞായർ ദിവസങ്ങളിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ സർവീസ് ഉണ്ടായിരിക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. 12 ലോക്കൽ സർവീസുകളാണ് മുംബൈയിൽ ഓടുന്നത്. ചർച്ച് ഗെയ്റ്റ്-വിഹാർ മേഖലയിൽ എട്ടെണ്ണവും ചർച്ച്ഗെയ്റ്റ്-ബോറിവലി സ്റ്റേഷനിലേക്കും മൂന്നെണ്ണവും മഹാലക്ഷ്മി-ബോറിവലി മേഖലയിലേക്കു ഒരു സർവീസുമാണുള്ളത്. സാധാരണ ലോക്കൽ ട്രെയിൻ ടിക്കറ്റ് നിരക്കിന്റെ 1.3 ഇരട്ടിയാണ് എസി ട്രെയിനിൽ ഈടാക്കുന്നത്. ഇതിന് പുറമെ സീസൺ ടിക്കറ്റ് സൗകര്യവും ഇതിൽ ഒരുക്കിയിട്ടുണ്ട്. സാധാരണ ഫസ്റ്റ് ക്ലാസ് ടിക്കറ്റ് നിരക്കിനേക്കാൾ 10 ഇരട്ടിയാണ് സീസൺ ടിക്കറ്റിന് ഈടാക്കുന്നത്.

എസി കോച്ചുകൾ ചെന്നൈയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഓട്ടോമാറ്റിക് ഡോർ, എൽഇഡി ലൈറ്റുകൾ, എമർജൻസി ടോക്‌ബാക്ക് സിസ്റ്റം, യാത്രക്കാർക്ക് ജിപിഎസ് സംവിധാനം, മണിക്കൂറിൽ 100 കിലോമീറ്റർ വേഗത എന്നിവയാണ് പുതിയ കോച്ചുകളുടെ പ്രത്യേകത. ചരിത്ര നേട്ടമെന്നാണ് യാത്രക്കാർ ഇതിനെ വിശേഷിപ്പിക്കുന്നത്. 150-ൽ അധികം വർഷമായുള്ള സബർബൻ സർവീസിൽ എസി സൗകര്യം ആദ്യമാണെന്നും ഇത് ചരിത്ര നേട്ടമാണെന്നുമാണ് യാത്രക്കാരുടെ പ്രതികരണം. 1867ലാണ് സബർബൻ സർവീസ് ആരംഭിച്ചത്.