ചെന്നൈ: വിനോദയാത്രയ്ക്കു ശേഷം പുതുച്ചേരിയിൽ നിന്നു ചെന്നൈയിലേക്കു മടങ്ങിയ ഐടി ജീവനക്കാരുടെ വാഹനം ലോറിയിൽ ഇടിച്ച് മരിച്ചത് മലയാളി യുവതി ഉൾപ്പെടെ നാലു പേർ. അപാകത്തിൽപ്പെട്ടത് ടെക്കികളാണ്. തൃശൂർ അഞ്ചേരി വളർക്കാവ് നിവാസിയായ ഒറ്റപ്പാലം കല്ലുവഴിയിൽ മേലെ വടക്കേമഠത്തിൽ മുരളീധരന്റെ മകൾ ഐശ്വര്യ എം. നായരും (23) മൂന്നു സഹപ്രവർത്തകരുമാണു മരിച്ചത്. തിരുവനന്തപുരം സ്വദേശിനി അഖില നായർക്കു പരുക്കേറ്റു. അഖല അപകട നില തരണം ചെയ്തിട്ടുണ്ട്.

തമിഴ്‌നാട്ടുകാരായ ദീപക് ചക്രവർത്തി(22), പ്രശാന്ത് കുമാർ(25), ആന്ധ്ര സ്വദേശിനി മേഘ(23) എന്നിവരാണു മരിച്ച മറ്റുള്ളവർ. ചെന്നൈ സോണി എറിക്സണിൽ ജോലിചെയ്തിരുന്ന ഇവർ ആറുപേരും പുതുച്ചേരിയിൽ പോയശേഷം കാറിൽ മടങ്ങുമ്പോൾ ശനിയാഴ്ച രാവിലെയാണ് അപകടം. ദീപൻ ചക്രവർത്തിയാണ് കാറോടിച്ചിരുന്നത്. ഐശ്വര്യ, ദീപൻ, പ്രശാന്ത്കുമാർ എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മേഘയും മരിച്ചു. എട്ടുമാസംമുൻപാണ് ഐശ്വര്യ സോണി എറിക്സണിൽ സോഫ്റ്റ്‌വേർ എൻജിനീയറായി ചേർന്നത്.

ചെങ്കൽപേട്ടിനു സമീപം നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ വിനോദയാത്രാ സംഘത്തിന്റെ കാർ ഇടിക്കുകയായിരുന്നു. എല്ലാവരും എറിക്‌സൺ ഇന്ത്യ ഗ്ലോബൽ സർവീസ് കമ്പനി ജീവനക്കാരാണ്. ഐശ്വര്യയുടെ സംസ്‌കാരം നടത്തി. മാതാപിതാക്കൾ ഇന്തൊനീഷ്യയിലാണ്. അമ്മ: ദീപ. സഹോദരി: ഡോ. അഞ്ജലി.