തിരുവനന്തപുരം: പത്ത് വർഷത്തെ കാത്തിരിപ്പിന് ശേഷമുണ്ടായ കൺമണിക്ക് മാതാപിതാക്കളുടെ മുന്നിൽ വച്ച് ദാരുണാന്ത്യം. മാതാപിതാക്കൾക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന നാലുവയസുകാരനാണ് ബസ് കയറി കൊല്ലപ്പെട്ടത്. തിരുവനന്തപുരം കരകുളം കാച്ചാണ് അയണിക്കാട് വാരിക്കോണത്ത് ശ്രീഹരിയിൽ ബിജുകുമാറിന്റെയും സജിതയുടേയും ഏകമകനാണ് ഇന്നലെ വൈകുന്നേരം പാളയത്തുണ്ടായ അപകടത്തിൽ മരിച്ചത്. നാലുവയസായിരുന്നു കുട്ടിയുടെ പ്രായം.

ബിജുകുമാറിനും സജിതയപടേയും വിവാഹം കഴിഞ്ഞ് പത്ത് വർഷം കഴിഞ്ഞാണ് ശ്രീഹരി പിറക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ശ്രീഹരിയുടെ നാലാം പിറന്നാൾ. തമ്പാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ബിജുകുമാറും കുടുംബവും സഞ്ചരിച്ച ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്.

ബൈക്കിന്റെ മുന്നിലായിരുന്നു നാലുവയസുകാരൻ ഇടിയുടെ ആഘാതത്തിൽ തെറിച്ച് ബസിന് അടിയിലേക്ക് വീഴുകയായിരുന്നു. ബസിന്റെ ടയറുകൾ ശ്രീഹരിയുടെ തലയിൽ കയറിയിറങ്ങി സംഭവ സ്ഥലത്ത് വച്ച് തന്നെ കുഞ്ഞ് മരിച്ചു. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്നു ബിജുകുമാറും കുടുംബവും. പെയിന്റിങ് തൊഴിലാളിയാണ് ബിജു.