നോയിഡ: സ്‌കൂൾ ബസിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കുന്നതിനിടെ തല തൂണിലിടിച്ച് വിദ്യാർത്ഥി മരിച്ചു. ഗസ്സിയാബാദിലെ മോദിനഗർ പട്ടണത്തിലെ ഒരു സ്വകാര്യ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി അനുരാഗ് മെഹ്‌റയാണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. ബുധനാഴ്ച രാവിലെ സ്‌കൂൾ ബസിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ തല തൂണിൽ ഇടിച്ചായിരുന്നു അപകടം.

അപകടത്തിൽ ഗുരുതരമായി പരേക്കറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് പറഞ്ഞു. സ്‌കൂൾ അധികൃതരുടെ ഭാഗത്ത് അലംഭാവം ഉണ്ടായെന്ന് ആരോപണവുമായി കുട്ടിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്‌കൂൾ അധികൃതരെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് സൂപ്രണ്ട് ഇരാജ് രാജ പറഞ്ഞു.

സംഭവത്തിന് ശേഷം സ്‌കൂൾ അധികൃതർ തങ്ങളെ വിളിച്ച് കുട്ടിക്ക് സുഖമില്ലായിരുന്നു എന്നും, ഛർദ്ദിക്കാൻ ബസിനു പുറത്തേക്ക് നോക്കിയെന്നുമാണ് അറിയിച്ചത്. അത് അങ്ങനെയല്ല. കുട്ടിക്ക് സ്‌കൂളിൽ പോകുമ്പോൾ പ്രശ്‌നമൊന്നും ഇല്ലായിരുന്നു. സ്‌കൂൾ അധികൃതർ പറയുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണ്. സംഭവത്തിൽ കർശന നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.