- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിറകിൽ നിന്നിടിച്ച ലോറി തെറിച്ചു വീണ കുഞ്ഞിന്റെ മുകളിലൂടെ കയറി ഇറങ്ങി; വീണിടത്ത് നിന്നെണീറ്റ അമ്മ മകളുടെ തകർന്ന രൂപം കണ്ട് റോഡിൽ കിടന്ന് നിലവിളിച്ചു; എട്ടുവയസ്സുകാരിയെ മരണം വിളിച്ചത് അതിദാരുണമായി
ആലപ്പുഴ: അദ്ധ്യാപികയായ അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറിൽ സ്‌കൂളിലേക്ക് പോകുന്നതിനിടെ ലോറിയിടിച്ച് തെറിച്ചുവീണ എട്ട് വയസ്സുകാരിക്ക് അതിദാരുണ മരണം. ലോറിയുടെ പിൻചക്രങ്ങൾ കയറിയാണ് കുട്ടി മരിച്ചത്. അമ്മ പരിക്കുകളില്ലാതെ രക്ഷപെട്ടു. ദേശീയപാതയിൽ തുമ്പോളി കപൂച്ചിൻ ആശ്രമത്തിന് വടക്കായിരുന്നു അപകടം. ആര്യാട് പഞ്ചായത്ത് ഒന്നാം വാർഡ് പാതിരപ
ആലപ്പുഴ: അദ്ധ്യാപികയായ അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറിൽ സ്‌കൂളിലേക്ക് പോകുന്നതിനിടെ ലോറിയിടിച്ച് തെറിച്ചുവീണ എട്ട് വയസ്സുകാരിക്ക് അതിദാരുണ മരണം. ലോറിയുടെ പിൻചക്രങ്ങൾ കയറിയാണ് കുട്ടി മരിച്ചത്. അമ്മ പരിക്കുകളില്ലാതെ രക്ഷപെട്ടു.
ദേശീയപാതയിൽ തുമ്പോളി കപൂച്ചിൻ ആശ്രമത്തിന് വടക്കായിരുന്നു അപകടം. ആര്യാട് പഞ്ചായത്ത് ഒന്നാം വാർഡ് പാതിരപ്പള്ളി വേണു നിവാസിൽ ജയശങ്കർ അമ്പിളി ദമ്പതികളുടെ ഏകമകളും ആലപ്പുഴ സെന്റ് മേരീസ് റസിഡൻഷ്യൽ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായ ഗൗരി ജയശങ്കറാണ് (8) മരിച്ചത്. ലോറി ഡ്രൈവർ കൊല്ലം തളത്തൂർ പഞ്ചായത്ത് മൂന്നാം വാർഡ് അജീഷ്ഭവനിൽ അജീഷിനെ (48) ആലപ്പുഴ ട്രാഫിക് പൊലീസ് കസ്റ്റഡിയിൽ എടുത്തു.
അദ്ധ്യാപികയായ അമ്പിളിക്കൊപ്പം സ്‌കൂളിലേക്ക് വരുന്നതിനിടെ പിന്നാലെയെത്തിയ ചരക്ക് ലോറി എതിരെ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ ഇടത്തേക്ക് ഒതുക്കിയപ്പോൾ സ്‌കൂട്ടറിന് പിന്നിൽ തട്ടുകയായിരുന്നു. തുടർന്ന് അമ്പിളിക്ക് സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഗൗരിയുടെ തലയിലൂടെ ലോറിയുടെ പിൻചക്രം കയറിയിറങ്ങി. അമ്പിളി ഗ്രാവൽ ഭാഗത്തേക്ക് വീണു. മകളുടെ ചിന്നിച്ചിതറിയ ശരീരം കണ്ട അമ്മയ്ക്ക് നിയന്ത്രണം നഷ്ടമായി.
ദേശീയപാതയും അരികുറോഡും തമ്മിൽ അരയടിയോളം വ്യത്യാസമുള്ളതാണ് ദുരന്തത്തിന് കാരണം. രോഷാകുലരായ നാട്ടുകാർ രണ്ടുമണിക്കൂറോളം ദേശീയപാത ഉപരോധിച്ചു. തുടർന്ന് ആർ.ഡി.ഒ ഡി.ബാലമുരളി, ആലപ്പുഴ ഡിവൈ.എസ്‌പി കെ.ലാൽജി എന്നിവർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി. വിഷയത്തിന് അടിയന്തര പരിഹാരമുണ്ടാക്കാമെന്ന ഉറപ്പിനെ തുടർന്നാണ് ഉപരോധം അവസാനിച്ചത്.
ഫയർഫോഴ്‌സ് സംഘമാണ് കുട്ടിയുടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സ്‌കൂളിൽ പൊതുദർശനത്തിന് വച്ചു. വൈകിട്ട് വീട്ടുവളപ്പിൽ സംസ്‌കരിച്ചു.