കോട്ടയം: അപകടങ്ങളിൽ പലതും സ്വയം ക്ഷണിച്ചുവരുത്തുന്നതാണ്. അശ്രദ്ധമായ ഡോർ തുറക്കലും ഡിം ലൈറ്റ് അടിക്കാതെയുള്ള വലിയ വാഹനങ്ങളുടെ ചീറിപ്പായലുമെല്ലാം നിരത്തിൽ ജീവനെടുക്കുന്നു. ഇതിനൊപ്പമാണ് പലതവണ പറഞ്ഞ് മടുത്ത ഉറക്കത്തിന്റെ കാര്യവും. രാത്രിയിൽ ഉറക്കം വിടാതെയുള്ള കാറോട്ടം പലപ്പോഴും ദുരന്തത്തിലേക്കാണ് ചെന്ന് ചാടുക. ഇതിന് തെളിവാണ് മലയാളി ഡോക്ടറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ കോയമ്പത്തൂർ കർപ്പഗം കോളജിനു സമീപം അപകടത്തിൽപ്പെട്ടത്.

കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞു ഡോക്ടറുടെ ഭാര്യയും അസം സ്വദേശിനിയായ വീട്ടുജോലിക്കാരിയും മരിച്ചു. കുര്യനാട് പാണ്ടിയാംമാക്കൽ ഡോ. സ്റ്റാൻലി സെബാസ്റ്റ്യന്റെ ഭാര്യ ഡോ. ലവീന (27), ജോലിക്കാരി സുനിത (35) എന്നിവരാണു മരിച്ചത്. പരുക്കേറ്റ സ്റ്റാൻലി കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സ്റ്റാൻലിയായിരുന്നു കാർ ഓടിച്ചിരുന്നത്.

പുതുച്ചേരി ശ്രീവെങ്കിടേശ്വര മെഡിക്കൽ കോളജിൽ പിജി വിദ്യാർത്ഥിയും ട്യൂട്ടറുമായ ഡോ. സ്റ്റാൻലിയും ഭാര്യ ഡോ. ലവീനയും സ്റ്റാൻലിയുടെ മുത്തച്ഛൻ വർക്കി ദേവസ്യയുടെ മരണവിവരമറിഞ്ഞു നാട്ടിലേക്കു വരുന്ന വഴിയാണ് അപകടം. ഉറക്കാണ് ഇവിടെ വില്ലനായത്. മുത്തച്ഛന്റെ മരണമറിഞ്ഞ് ഉറക്കത്തെ കുറിച്ച് ഓർക്കാതെ വണ്ടിയെടുത്ത് ഇറങ്ങിയത് അപകടത്തിലേക്കായിരുന്നു.

ലവീനയും സുനിതയും അപകടസ്ഥലത്തുതന്നെ മരിച്ചു. പട്ടിത്താനം വടക്കേപ്പറമ്പിൽ കുടുംബാംഗമാണു ലവീന. കുറവിലങ്ങാടു താലൂക്ക് ആശുപത്രിയിൽ എൻആർഎച്ച്എം ഡോക്ടറായി സേവനമനുഷ്ഠിച്ചിരുന്ന സ്റ്റാൻലിയും ലവീനയും ഒരുവർഷം മുൻപാണ് ഉപരിപഠനത്തിനു പുതുച്ചേരിയിലേക്കു പോയത്. ഇവരുടെ ഏക മകൻ നേഥാൻ കുര്യനാട്ടെ വീട്ടിലായിരുന്നു.

മുത്തച്ഛന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ അതിരാവിലെയാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. ഇടയ്ക്ക് ഉറക്കമെത്തിയപ്പോൾ ഡിവൈഡറിൽ തട്ടി കാർ മറിഞ്ഞു. പിടി വർക്കിയുടെ സംസ്‌കാരം തിങ്കളാഴ്ച നടത്താനിരുന്നതാണ്. ദുരന്തം അറിഞ്ഞതോടെ ഇത് മാറ്റി വച്ചു. ലവീനയുടെ മൂത്ത സഹോദരി അമേരിക്കയിലാണ്. അവർ വന്ന ശേഷം വർക്കിയുടേയും ലവീനയുടേയും സംസ്‌കാരം ഒന്നിച്ചു നടത്തും. ബംഗളുരുവിലെ ഒരു കോൺവെന്റിൽ നിന്നാണ് സുനികയെ വീട്ടുജോലിക്കായി കണ്ടെത്തിയത്.