രാജകുമാരി: സൂര്യനെല്ലിയിൽ സ്‌കൂൾ ബസിൽനിന്നു തെറിച്ചുവീണ ആയ വാഹനത്തിന്റെ പിൻചക്രം കയറി മരിച്ചു. ഭർത്താവ് ഓടിച്ച വണ്ടിയിൽ ആയ ആയി പോയ ഭാര്യയാണ് മരിച്ചത്. സംഭവത്തേ തുടർന്നു ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സൂര്യനെല്ലി കുത്തുങ്കൽത്തേരി മാതാ ഹൗസിൽ മോളി അലക്സാ(43)ണു മരിച്ചത്. ചിന്നക്കനാലിലെ സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥികൾക്കായി കരാറടിസ്ഥാനത്തിൽ മോളിയുടെയും ഭർത്താവ് അലക്സിന്റെയും മിനിബസാണ് ഓടിയിരുന്നത്. വൈകിട്ട് അഞ്ചോടെയാണ് അപകടം. അലക്സ് വാഹനമോടിക്കുമ്പോൾ ആയയായി മോളി ഒപ്പം പോകുമായിരുന്നു.

ഇന്നലെ വൈകിട്ടു സ്‌കൂൾ വിദ്യാർത്ഥികളുമായി തിരിച്ചുപോകുന്നതിനിടെ സൂര്യനെല്ലി ഗണപതി ക്ഷേത്രത്തിനു സമീപമാണ് അപകടം. വാതിലിനു സമീപം നിന്ന മോളി താഴേക്കു വീഴുകയായിരുന്നു. തുറന്ന വാതിലിൽ പിടിച്ച് തൂങ്ങിക്കിടക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വാഹനത്തിന്റെ പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങി. കുട്ടികൾ നിലവിളിച്ചതോടെ വണ്ടി നിർത്തി. തുടർന്നു മോളിയെ പുറത്തെടുത്ത് നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നല്ലവണ്ണം അടയാതിരുന്ന ബസിന്റെ വാതിൽ അറിയാതെ തുറന്നു പോയതാണ് അപകട കാരണം. ഹൃദയസംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്ന അലക്സിനു പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ടു. ഉടൻ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായതിനാൽ വിദഗ്ധചികിത്സയ്ക്കായി രാജഗിയിലെ ആശുപത്രിയിലേക്കു മാറ്റി.