കാസർഗോഡ്: ബന്ധുവീട്ടിൽ ചോറൂൺ ചടങ്ങിന് പോകവേ അമ്മയും മകളും ദാരുണമായി അപകടത്തിൽ മരിച്ചു. ഇന്ന് പുലർച്ചേ പൊയിനാച്ചി ദേശീയ പാതയിലാണ് സംഭവം.

ചട്ടഞ്ചാൽ കുനിയൻ കുണ്ടിൽ-മണ്ടലിപ്പാറയിലെ രാജന്റെ ഭാര്യ ശോഭ (32) മകൾ വിസ്മയ (13) എന്നിവരാണ് മരിച്ചത്. കാഞ്ഞങ്ങാട് ഭാഗത്തു നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന ടോറസ് ലോറി പുല്ലൂരിലേക്ക് പോവുകയായിരുന്ന ഓട്ടോയുമായി കൂട്ടിയിടിച്ച് കുഴിയിൽ മറിഞ്ഞാണ് അപകടമുണ്ടായത്. ഓട്ടോയ്ക്ക് മുകളിൽ മറിഞ്ഞ ലോറി ഓട്ടോയെ ചതച്ചരച്ചു.

തൽക്ഷണം തന്നെ ശോഭയും മകൾ വിസ്മയയും മരണമടഞ്ഞിരുന്നു. ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തിൽ ഭർത്താവ് രാജനും ഓട്ടോ ഡ്രൈവർ അബ്ദുൾ ഖാദറും പുറത്തേക്ക് തെറിച്ചു പോയിരുന്നു. ലോറി ക്ലീനർക്കും ഇവർക്ക് രണ്ടു പേർക്കും ഗുരുതരമായി പരിക്കേറ്റു.

ലോറി ഡ്രൈവർക്ക് നിസ്സാര പരിക്കാണ്. ഇവരെ ചെങ്കള ഇ.കെ. നായനാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് നിന്നും റബ്ബർ ഷീറ്റ് കയറ്റി പോവുകയായിരുന്നു ലോറി. പുലർച്ചേ ഉണ്ടായ അപകടത്തിൽ ഞെട്ടി തരിച്ചിരിക്കയാണ് നാട്ടുകാർ. ജില്ലാ പൊലീസ് ചീഫ് കെ.ജി. സൈമൺ, വിദ്യാ നഗർ സിഐ ബാബു പെരിങ്ങോത്ത് എന്നിവർ സ്ഥലത്തെത്തിയിരുന്നു.