ജിദ്ദ: മക്ക-മദീന അതിവേഗപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു. തൃശൂർ വെള്ളികുളങ്ങര സ്വദേശികളായ കറുപ്പൻ വീട്ടിൽ അഷ്റഫ്, ഭാര്യ റസിയ, മകൾ ഹഫ്സാന അഷ്‌റഫ് എന്നിവരാണു മരിച്ചത്.

ഇവരുടെ മറ്റു രണ്ട് മക്കൾ പരിക്കുകളോടെ രക്ഷപ്പെട്ടു. ദമ്മാമിൽ നിന്ന് മദീനയിലേക്കുള്ള യാത്രക്കിടെ ഗുലൈസ എന്ന സ്ഥലത്തുവച്ചാണ് വാഹനാപകടം നടന്നത്. ഉംറ നിർവഹിച്ച ശേഷം മക്കയിലെ ഹറം പള്ളിയിൽ പെരുന്നാൾ നമസ്‌കാരവും കഴിഞ്ഞു മദീന സന്ദർശനത്തിനായി പോകുമ്പോഴാണ് അപകടമുണ്ടായത്. വൈകുന്നേരം നാലോടെയാണ് അപകടം.

മൃതദേഹങ്ങൾ ഗുലൈസ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ദമ്മാമിൽ ടാക്സി ഡ്രൈവറായിരുന്നു അഷ്‌റഫ്. ഭാര്യയും മക്കളും സന്ദർശക വീസയിൽ സൗദിയിൽ എത്തിയതായിരുന്നു.