വടകര: വടകരയിൽ നാല് യുവാക്കളുടെ മരണത്തിന് ഇടയാക്കിയ അപകടം കാറിൽ യാത്ര ചെയ്തവർ അമിതവേഗത്തിൽ പാഞ്ഞതു കൊണ്ടെന്ന് സൂചന. ദേശീയപാതയിൽ മുട്ടുങ്ങലിൽ കണ്ടെയ്‌നർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ കാറപകടത്തിലാണ് നാല് യുവാക്കൾ മരിച്ചത്. ന്യൂമാഹി കുറിച്ചിയിൽ ഈയ്യത്തുങ്കാട് മഠത്തിന് സമീപം സൈനാബാഗ് ഹൗസിൽ ഇസ്മയിലിന്റെ മകൻ അനസ് (19), പരയങ്ങാട് ഹൗസിൽ ഹാരിസിന്റെ മകൻ സഹീർ (18), റൂഫിയ മൻസിലിൽ പി. നൗഷാദിന്റെ മകൻ നിഹാൽ (18), സുലൈഖ മൻസിലിൽ മുഹമ്മദ് തലത് ഇഖ്ബാൽ (20) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി 7.30ഓടെയാണ് അപകടം. കണ്ണൂർ ഭാഗത്തുനിന്ന് വന്ന കണ്ടെയ്‌നർ ലോറി എതിർദിശയിലേക്ക് പോകുന്ന കെ.എൽ 58 വി 3968 നമ്പർ കാറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. മുഹമ്മദ് തലത് ഇഖ്ബാൽ രാത്രി 10.30ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. കോഴിക്കോട്ടുനിന്ന് വസ്ത്രമെടുത്ത് തിരിച്ചുവരുകയായിരുന്ന സംഘമാണ് അപകടത്തിൽപെട്ടത്.

ഇടിയിൽ കാർ പൂർണമായും തകർന്നു. കണ്ടെയ്നർ ലോറിയിൽ നിന്നും ഡീസൽ റോഡിൽ ഒഴുകിയ നിലയിലാണ്. ഇവരുടെ സുഹൃത്ത് ത്വൽഹത്തിനെ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫൈറൂസിയാണ് അനസിന്റെ മാതാവ്. പ്ലസ് ടു വിദ്യാർത്ഥിയായ സഹീറിന്റെ മാതാവ് താഹിറ. റൂഫിയയാണ് നിഹാലിന്റെ മാതാവ്.