ആലപ്പുഴ: 26കാരിയുടെ ജീവനെടുത്ത അപകടം നടന്നത് വിവാഹ വാർഷികം ആഘോഷിക്കാൻ ഭർതൃഗൃഹത്തിലേക്ക് പോകുന്നതിനിടെ. ദേശീയപാതയിൽ ഹരിപ്പാട് കരുവാറ്റയിൽ ലോറിയും കാറും കൂട്ടിയിടിച്ചാണ് അഞ്ജു പി.ദേവ് മരിച്ചത്. കൊല്ലം ശൂരനാട് ആനയടി അരുണോദയത്തിൽ സുധീഷിന്റെ ഭാര്യയാണ് മരിച്ച അഞ്ജു. ഞായറാഴ്ച വിവാഹ വാർഷികത്തിനായി പെരുമ്പാവൂരിലെ ഭർതൃഗൃഹത്തിലേക്കു പോകുംവഴിയായിരുന്നു ദാരുണാന്ത്യം. അപകടത്തിൽ പരുക്കേറ്റ പിതാവ് വാസുദേവൻ പിള്ള, മാതാവ് രേണുക ദേവി, സഹോദരൻ അരുൺ എന്നിവരെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ശൂരനാടുനിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന അഞ്ജുവും കുടുംബവും സഞ്ചരിച്ച കാർ കന്നാലിപാലത്തിനു സമീപം എതിരെവന്ന മീൻലോറിയുമായി ഇടിക്കുകയായിരുന്നു. മറ്റു രണ്ടു വാഹനങ്ങളെ ഓവർടേക്ക് ചെയ്യുന്നതിനിടയിലാണ്‌ അപകടം. എതിരെ വാഹനം വരുന്നത് കണ്ട്, കാർ ഓടിച്ചിരുന്നയാൾ ബ്രേക്ക് ചവിട്ടുന്നതിനിടയിൽ തെന്നിമാറുകയും എതിരെ വന്ന മീൻവണ്ടി പുറകിൽ ഇടിക്കുകയുമായിരുന്നു എന്നു പൊലീസ് പറഞ്ഞു.

കാർ റോഡരികിലെ താഴ്‌ചയിലേക്കു തെറിച്ചുപോയി. പിൻസീറ്റിൽ അമ്മയ്ക്കൊപ്പമായിരുന്നു അഞ്ജു. ഓടിക്കൂടിയ നാട്ടുകാർ കാറിലുണ്ടായിരുന്നവരെ ഉടനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ അഞ്ജു മരണപ്പെടുകയായിരുന്നു. ക്ലിനിക്കൽ സൈക്കോളജിയിൽ എംഎസ്‌സി കഴിഞ്ഞ അഞ്ജു ഗവേഷണ വിദ്യാർത്ഥിനിയാണ്. സിപിഎം ഐ ടി ബ്രാഞ്ച് ബാംഗ്ലൂർ മെമ്പറും, യങ് വർക്കേഴ്സ് കലക്റ്റീവ് മാരുതി നഗർ യൂണിറ്റ് പ്രസിഡന്റുമായിരുന്നു.