ആഗ്ര: യമുനാ എക്സ്‌പ്രസ് വേയിലുണ്ടായ അപകടത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകനടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു. ലക്‌നൗവ്വിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വാഹനമാണ് അപകടത്തിൽപ്പെട്ടത്. കണ്ടെയ്‌നറിൽ ഇടിച്ചതോടെ കാറിന് തീ പിടിക്കുകയായിരുന്നു. കാറിന് വെളിയിൽ ഇറങ്ങാനാവാതെ കത്തുന്ന വാഹനത്തിൽ കുടുങ്ങിയ ഇവർ അഗ്‌നിക്കിരയാവുകയായി.

ആഗ്രയ്ക്ക് സമീപത്തുള്ള ഖണ്ടോളി ടോൾ പ്ലാസയ്ക്ക് സമീപം ചൊവ്വാഴ്ച പുലർച്ചെ 4.15ഓടെ ആയിരുന്നു അപകടം. ലക്‌നൗവ്വിലെ മുതിർന്ന മാധ്യമ പ്രവർത്തകനായ മുരളി മനോഹർ സരോജ് അടക്കം അഞ്ച് പേരാണ് കാറിനുള്ളിൽ വെന്തുമരിച്ചത്. സരോജ്, ഭാര്യ, ഭാര്യയുടെ അമ്മ, ഭാര്യയുടെ സഹോദരി, സുഹൃത്ത് സന്ദീപ് എന്നിവരടക്കമാണ് കൊല്ലപ്പെട്ടത്.

യു ടേൺ എടുക്കുന്ന കണ്ടെയ്‌നർ ലോറിയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കണ്ടെയ്‌നറിന്റെ ഡിസൽ ടാങ്ക് തകർന്ന് ഇന്ധനം കാറിന്റെ ബോണറ്റിലേക്ക് വീണതായിരുന്നു പെട്ടന്നുള്ള തീ പിടുത്തത്തിന് കാരണമായതെന്നാണ് നിരീക്ഷണം. ചികിത്സാ ആവശ്യത്തിനായി ഡൽഹിയിലേക്ക് പോവുകയായിരുന്നു സരോജും ബന്ധുക്കളും. ജയ്പൂരിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് ആമസോൺ ഉത്പന്നങ്ങളുമായി തിരിച്ച കണ്ടെയ്‌നറുമായാണ് കൂട്ടിയിടിയുണ്ടായത്.

അപകടമുണ്ടായതിന് തൊട്ടുപിന്നാലെ കണ്ടെയ്‌നർ ലോറിയുടെ ഡ്രൈവർ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. വാഹനം ഇടിച്ചതിന് ശേഷവും വാഹനത്തിലുണ്ടായിരുന്നവർക്ക് ജീവനുണ്ടായിരുന്നുവെന്നും കാറിനുള്ളിൽ കുടുങ്ങിപ്പോയ ഇവർ സഹായത്തിനായി നിലവിളിച്ചതായും ദൃക്‌സാക്ഷികൾ ദേശീയ മാധ്യമങ്ങളോട് പറയുന്നു. കാറിന് വളരെ വേഗത്തിൽ തീപിടിച്ചത് ഇവരെ പുറത്തെത്തിക്കുന്നതിന് വെല്ലുവിളിയാവുകയായിരുന്നു.