- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഴയങ്ങാടി കെ.എസ്.ടി.പി റോഡിൽ വീണ്ടും വാഹനാപകടം; വാൻ ഡ്രൈവർ മരിച്ചു
കണ്ണുർ: പഴയങ്ങാടി കെ.എസ്.ടി.പി റോഡിൽ വീണ്ടും വാഹനാപകടം നിർത്തിയിട്ട ലോറിക്ക് പിറകിൽ പിക് അപ്പ് വാനിടിച്ച് ഡ്രൈവർ ദാരുണമായി മരിച്ചു. പിലാത്തറ മേരിമാത സ്‌കൂളിന് സമീപം താമസിക്കുന്ന കരാറുകാരൻ മൈജോ ഇഗ്നേഷ്യസ്(36)ആണ് മരിച്ചത്. വെള്ളിയാഴ്‌ച്ച രാവിലെയാണ് അപകടം. ജോലി സ്ഥലത്തേക്ക് ഇതര സംസ്ഥാന തൊഴിലാളികളുമായി പോകവെ പോസ്റ്റ് ഓഫിസിന് സമീപം റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു.
പിക്കപ്പ് വാനിൽ ഉണ്ടായിരുന്ന മൈജോ സംഭവ സ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടു. അപകടം നടന്ന് ഏറെനേരത്തിനു ശേഷം ക്രെയിൻ ഉപയോഗിച്ച് വാഹനം നീക്കിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. അപകടത്തിൽ പരിക്കേറ്റ അഞ്ച് ഇതര സംസ്ഥാന തൊഴിലാളികളെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇവരിൽ തൊഴിലാളിയായ ഹുർറഹ്മാന്(36)സാരമായി പരിക്കേറ്റിട്ടുണ്ട്.
മറ്റു നാലുപേർക്ക് പ്രാഥമിക ചികിത്സ നൽകി. ഓടിക്കൂടിയ നാട്ടുകാരും കണ്ണപുരം പൊലീസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പിലാത്തറ മേരിമാതാ സ്‌കൂളിന് സമീപം താമസിക്കുന്ന ഇഗ്നേഷ്യസ്-ജെസി ദമ്പതികളുടെ മകനാണ് മരിച്ച മൈജോ. സഹോദരി: ജലീന. വാഹന ഡ്രൈവർമാരുടെ അശ്രദ്ധയും റോഡിന്റെ അശാസ്ത്രീയതയും കാരണം അപകടങ്ങൾ തുടർക്കഥയായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പഴയങ്ങാടി എരിപുരം ജങ്ഷനിൽ നടന്ന അപകടത്തിൽ ലോറി ഡ്രൈവർ തൽക്ഷണം മരിച്ചിരുന്നു. അമിതവേഗതയിൽ വന്ന ലോറി സമീപത്തെ കെട്ടിടം പൂർണമായും തകർത്ത് ഇടിച്ചുകയറുകയായിരുന്നു. തമിഴ്‌നാട് സ്വദേശിയായ മുത്തു(28)ആണ് അന്ന് മരിച്ചത്.
പഴയങ്ങാടി-പിലാത്തറകെ.എസ്.ടി.പി റോഡ് നിർമ്മാണം പൂർത്തിയായതിനു ശേഷം നിരവധി അപകടങ്ങളും മരണങ്ങളുമാണ് ഈ റൂട്ടിൽ നടന്നത്.. ഇതു തടയുന്നതിനായി സി.സി.ടി.വി കാമറകളും മറ്റ് സിഗ്‌നൽ സംവിധാനവും സ്ഥാപിച്ചിരുന്നുവെങ്കിലും അപകടങ്ങൾക്ക് വലിയ കുറവൊന്നുമില്ല. വലിയ വാഹനങ്ങൾ അമിത വേഗത്തിലാണ് ഇതിലൂടെ കടന്നുപോകുന്നത്. രണ്ടാഴ്ചക്കുള്ളിൽ നിരവധി ലോറികൾ സമാനമായ രീതിയിൽ അപകടത്തിൽപ്പെട്ടിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ