മരട്: നെട്ടൂർ-മാടവന പി.ഡബ്ല്യു.ഡി റോഡിൽ പഴയ മാർക്കറ്റിനടുത്ത് വി.ഇ റെസിഡൻസി ഫ്‌ളാറ്റിന് മുകളിൽനിന്നും വീണ് യുവാവ് മരിച്ചു. വാടകയ്ക്ക് താമസിച്ചിരുന്ന പത്തനംതിട്ട ഏഴംകുളം സ്വദേശി പ്ലാൻേറഷന്മുക്ക് കോട്ടക്കോയിക്കൽ വീട്ടിൽ സ്വദേശി മുഹമ്മദ് ഷാനാണ് (27) മരിച്ചത്.

ശനിയാഴ്ച രാത്രി 11.30ഓടെയാണ് അപകടം. മൂന്നാമത്തെ നിലയിൽനിന്ന് വീഴുകയായിരുന്നു. ഫ്‌ളാറ്റിൽ താമസിക്കുന്നവർ ശബ്ദം കേട്ട് നോക്കുമ്പോഴാണ് നിലത്ത് വീണ് കിടക്കുന്നത് കണ്ടത്. ലേക് ഷോർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തലയുടെ പിൻവശം അടിച്ചാണ് വീണത്. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. വീഴുന്നതിനിടയിൽ തല സൺഷൈഡിൽ തട്ടിയതായും ഇവിടെനിന്നും മുടിയുടെ അംശം കണ്ടെത്തിയതായും അവർ പറഞ്ഞു.

ഫ്‌ളാറ്റിന്റെ തുടക്കം മുതൽ ഷാൻ ഇവിടെ താമസിച്ച് വരികയായിരുന്നു. ബിസിനസ് ആവശ്യവുമായിട്ടാണ് ഷാൻ നെട്ടൂരിൽ താമസമാക്കിയത്. കോവിഡ് പ്രതിസന്ധിയിൽ ബിസിനസ് തകർന്നതായും പറയുന്നു. പനങ്ങാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. പിതാവ്: സലീം, മാതാവ്: ഹസീന സഹോദരി: ഷെജീന.