- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത്രയും മനസ്സാക്ഷി ഇല്ലാത്തവരോ? ബൈക്ക് അപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്ന യുവാവ് തിരിഞ്ഞു നോക്കാൻ ആളില്ലാതെ ചോരവാർന്ന് മരിച്ചു; സഹോദരന്റെ ശസ്ത്രക്രിയക്കായി കൈവശമുണ്ടായിരുന്ന പതിനായിരം രൂപ കവർന്ന് കണ്ണിൽ ചോരയില്ലാത്തവർ; കൊടും ക്രൂരത വാളയാറിൽ
വാളയാർ: മനസ്സാക്ഷിയുടെ കാര്യത്തിൽ മലയാളികളെ കഴിഞ്ഞേ ആളുകൾ ഉള്ളൂ എന്നൊക്കെ പറയുന്നവരുണ്ട്. എന്നാൽ, പലപ്പോഴും വസ്തുത അതല്ല. കണ്ണിൽചോരയില്ലാത്ത പ്രവർത്തികൾ ചെയ്യാനും പലപ്പോഴും മുന്നിൽ മലായളികൾ തന്നെയാണ്. അത്തരമൊരു കൊടും ക്രൂരതയുടെ വാർത്തയാണ് വാളയാറിൽ നിന്നു പുറത്തുവന്നത്.
ആശുപത്രിയിൽ ചികിത്സയിലുള്ള സഹോദരനു ഭക്ഷണം നൽകി മടങ്ങുന്നതിനിടെ ബൈക്കിൽ കണ്ടെയ്‌നർ ലോറിയിടിച്ച് യുവാവ് മരിച്ചു. പരിക്കേറ്റ് റോഡിൽ കിടക്കേണ്ടി വന്ന യുവാവ് ചോരവാർന്നാണ് മരിച്ചത്. അതിനിടെ യുവാവിന്റെ കൈവശമുണ്ടായിരുന്ന പണവും ആരോ കവർന്നു. വടകരപ്പതി പരിശിക്കൽ കൊട്ടിൽകാരർ വീട്ടിൽ അമൽരാജിന്റെ മകൻ ഗ്രിഗോറി (32) ആണു ദാരുണമായി മരിച്ചത്.
സഹോദരന്റെ ശസ്ത്രക്രിയയ്ക്കു ആശുപത്രിയിൽ അടയ്ക്കാൻ ഇദ്ദേഹത്തിന്റെ കയ്യിൽ സൂക്ഷിച്ച 10000 രൂപ അപകടത്തിനു ശേഷം മോഷണം പോയെന്നു ബന്ധുക്കൾ പറഞ്ഞു. അപകടത്തിൽപെട്ട് ദേശീയപാതയോരത്തു കിടന്നപ്പോൾ അജ്ഞാതർ പണം കവർന്നതായാണ് സംശയം. വാളയാറിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കായി ചികിത്സയിൽ കഴിയുന്ന സഹോദരൻ അരുൺകുമാറിനെ കണ്ടു മടങ്ങുന്നതിനിടെ വെള്ളിയാഴ്ച രാത്രി 11നു ദേശീയപാത പതിനാലാംകല്ലിലാണ് അപകടം ഉണ്ടായത്.
പരിക്കേറ്റ് റോഡിൽ അര മണിക്കൂറോളം ഗ്രിഗറി കിടന്നെങ്കിലും പോയവർ ആരും തന്നെ തിരിഞ്ഞു നോക്കിയില്ല. യുവാവിനെ ആശുപത്രിയിൽ എത്തിക്കാനും തയ്യാറായില്ല. അര മണിക്കൂറിലേറെ ചോര വാർന്നു കിടന്ന ഗ്രിഗോറിയെ യാത്രക്കാരിൽ ഒരാൾ വിവരം അറിയിച്ചതിനെ തുടർന്നു സ്വകാര്യ ആശുപത്രി ആംബുലൻസിൽ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോയമ്പത്തൂരിൽ നിന്നു കൊച്ചിയിലേക്കു പോയ കണ്ടെയ്‌നറാണ് ഇടിച്ചത്. അപകടത്തിനു ശേഷം നിർത്താതെ പോയെങ്കിലും സിസിടിവിയുടെ സഹായത്തോടെ വാഹനം പിടികൂടി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. പണമോ മറ്റു വിലപ്പെട്ട വസ്തുക്കളോ ഗ്രിഗോറിയിൽ നിന്നു ലഭിച്ചതായി ആശുപത്രി രേഖകളിൽ ഇല്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും എസ്‌ഐ ആർ.രാജേഷ് അറിയിച്ചു.
ഗ്രിഗോറിയുടെ മരണത്തെ തുടർന്നും പണം കെട്ടിവയ്ക്കാനാകാത്തതിനാലും സഹോദരൻ അരുൺകുമാറിന്റെ ശസ്ത്രക്രിയ മാറ്റിവച്ചു. ഗ്രിഗോറി കോയമ്പത്തൂരിലെ ലെയ്ത്ത് വർക്ഷോപ് ജീവനക്കാരനാണ്. മൃതദേഹം സംസ്‌കാരം നടത്തി. ലീലാ മേരിയാണു അമ്മ.
മറുനാടന് മലയാളി ബ്യൂറോ