കണ്ണൂർ: കണ്ണൂർ നഗര ത്തിലെ സിഗ്‌നൽ ലൈറ്റിന് സമീപത്തൂടെ കടന്ന് പോകുമ്പോൾ ടിപ്പർ ലോറി തട്ടി വീണ് തലയിലൂടെ കയറിയിറങ്ങി ദാരുണമായി മരിച്ച സ്‌കൂട്ടർ യാത്രികരനെ തിരിച്ചറിഞ്ഞു. കണ്ണൂർ സിറ്റി വെത്തിലപ്പള്ളി സ്വദേശി കെ.വിശ്വംഭരനാ (61) ണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് കാൽടെക്‌സ് സർക്കിളിലാണ് അപകടം നടന്നത്. കാൾടെക്‌സ് സിഗ്‌നലിൽ തലശേരി ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ നിർത്തിയ റോഡിലാണ് അപകടം നടന്നത്. സിഗ്‌നൽ ഓണായപ്പോൾ മറ്റൊരു ബസിനടുത്തായിരുന്നു വിശ്വംഭരൻ.

വാഹനങ്ങൾ നീങ്ങിക്കൊണ്ടിരിക്കെ ബസിന്റെ ബോഡിയിൽ തട്ടി ഇയാൾ റോഡിലേക്ക് വീഴുകയും പിന്നാലെ വന്ന തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നു. അപകടം നടന്ന് മണിക്കൂറുകളോളം കഴിഞ്ഞിട്ടും ആളെ തിരിച്ചറിയാൻ കഴിയാത്ത രീതിയിലായിരുന്നു. ഏറെ നേരം റോഡിൽ കിടന്ന മൃതദേഹം ടൗൺ പൊലീസ് എത്തിയാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.

അപകടത്തിനിടയാക്കിയ ലോറി ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു. കാൾടെക്‌സിൽ സിഗ്‌നൽ ഓണാവുന്നതോടെ വാഹനങ്ങൾ അമിത വേഗതയിലാണ് മറികടന്നുപോകുന്നത്. കഴിഞ്ഞ മാസം സ്‌കൂട്ടറിൽ ഭർത്താവിനു പിന്നിലിരുന്ന് യാത്രചെയ്യുകയായിരുന്ന സ്ത്രീ ടിപ്പർ ലോറി കയറിയിറങ്ങി മരിച്ചതും ഇതേ സ്ഥലത്തു വച്ചാണ്.

മഹേശ്വരിയാണ് മരിച്ച വിശ്വംഭരന്റെ ഭാര്യ. മക്കൾ: വിപിൻ, തുഷാര. മരുമക്കൾ : സുധിഷ്ണ,പ്രജിത്ത്.സഹോദരങ്ങൾ:നളിനി,രമേശൻ,പ്രേമജ. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. കണ്ണൂർ ടൗൺ പൊലിസ് ഇൻക്വസ്റ്റ് നടത്തി. ലോറി ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്.