എടപ്പാൾ: എടപ്പാൾ ജംഗ്ഷനിൽ തൃശൂർ റോഡിൽ ശുകപുരം ആശുപത്രിക്ക് സമീപമുണ്ടായ അപകടത്തിന് കാരണം ചരക്ക് ലോറിയുടെ അശ്രദ്ധമായ ഓവർടേക്കിങ്. കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളജ് വിദ്യാർത്ഥികളായ കോട്ടയം താഴത്തങ്ങാടി വടക്കേടം വി.കെ.നിസാറിന്റെ മകൻ നസ്മൽ നിസാർ,പൊന്നാനി ആനപ്പടി അൻവർ മൻസിലിൽ അബ്ദുൽ ഖാദർ കാസിന്റെ മകൾ റാബിയത്ത് അൽ അടബിയ എന്നിവരാണ് അപകടത്തിൽ മരിച്ചത്്. സഹപാഠികളുടെ മരണത്തിന്റെ അപ്രതീക്ഷിത വിയോഗം ഉൾക്കൊള്ളനാവാതെയാണ് സുഹൃത്തുക്കളുള്ളത്.

രണ്ടുപേരും ചങ്ങരംകുളം ഭാഗത്തുനിന്നും എടപ്പാളിലേക്ക് സ്‌കൂട്ടറിൽ വരുമ്പോഴായിരുന്നു അപകടം. എടപ്പാളിൽ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ചരക്കുലോറി മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. തെറിച്ചുവീണ റാബിയത്ത് അൽ അദാബിയ തത്ക്ഷണം മരിച്ചു. മരിച്ച രണ്ടു പേരും ഉറ്റ സുഹൃത്തുക്കളായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് നസ്മൽ നിസാർ മരിച്ചത്. അപകടത്തെ തുടർന്ന് പത്തു മിനിറ്റോളം സംസ്ഥാനപാതയിൽ ഗതാഗതം സ്തംഭിച്ചു. ഹൈവേ പൊലീസെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ എടുത്തുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. ശുകപുരം ആശുപത്രിക്ക് മുന്നിൽ വച്ച് എതിരെ വന്ന കാറിന് വശം കൊടുക്കുന്നതിനിടെയിൽ സിമന്റുമായി പോകുകയായിരുന്ന ലോറിയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഉരസി. നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് ഇരുവരും റോഡിലേക്ക് വീണു. ലോറി കയറിയിറങ്ങി റാബിയത്ത് തത്ക്ഷണം മരിച്ചു.

അടുത്ത ബന്ധുവിന്റെ വളയിടീലിനും കല്യാണത്തിൽ പങ്കെടുക്കാനുമായിട്ടാണ് നസ്മൽ നിസാർ അവസാനമായി കോട്ടയം അറുപറയിലെ സ്വന്തം വീടായ വടക്കേടത്ത് എത്തിയത്. കല്യാണത്തിന് മൂന്ന് ദിവസം മുമ്പ് എത്തിയിരുന്നു. ഞായറാഴ്ച കല്യാണം കൂടി വീട്ടിലെത്തിയ നസ്മൽ കളിച്ച് ചിരിച്ച് ഉമ്മാ നൽകിയ ആഹാരവും കഴിച്ച് സഹോദരങ്ങളോട് യാത്ര പറഞ്ഞ് വൈകിട്ടോടെയാണ് കോളേജിലേക്ക് പോയത്. വാപ്പ നിസാറാണ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ നസ്മലിനെ കൊണ്ടുചെന്ന് വിട്ടതും. വാപ്പയോട് യാത്രപറഞ്ഞ് പിരിഞ്ഞപ്പോൾ ഇത് തിരിച്ചുവരാനാകാത്ത യാത്രയാവുമെന്ന് ആരുമോർത്തില്ല.

നിസാർ-ഷാനി ദമ്പതികളുടെ രണ്ടാമത്തെ മകനാണ് മരിച്ച നസ്മൽ നിസാർ. കുറ്റിപ്പുറത്ത് എംഇഎസ് കോളേജിൽ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ മൂന്നാംവർഷ വിദ്യാർത്ഥിയാണ്. വലിയൊരു സുഹൃത്ത് വലയത്തിന് ഉടമ കൂടിയാണ് നസ്മൽ. കഴിഞ്ഞ ദിവസം വീട്ടിൽ വന്നപ്പോഴും സുഹൃത്തുക്കളെ കണ്ടിരിന്നു. കഴിഞ്ഞ ദിവസം കൂടി തങ്ങളോടൊപ്പം ഉണ്ടായിരുന്ന പ്രിയസൃഹൃത്തിന്റെ മരണവാർത്ത വിശ്വസിക്കാനാവാതെ കൂട്ടുകാരും കുഴയുകയാണ്.