കുന്നത്തൂർ: നീണ്ട മുപ്പത് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ വന്ന് വീട്ടിലേക്ക് ഏതാനും മീറ്ററുകൾ മാത്രം ദൂരത്ത് വച്ചാണ് വിധി മരണത്തിന്റെ രൂപത്തിലെത്തി രാജൻ പിള്ളയെ തട്ടിക്കൊണ്ട് പോയത്. കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രവാസിയായ ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി അർച്ചനയിൽ (നെല്ലിപ്പിള്ളിൽ) രാജൻപിള്ള (55) മരിച്ചത് കേട്ട് ശൂരനാട് സ്വദേശികൾക്ക് നടുക്കം വീട്ടുമാറിയിട്ടില്ല. അദ്ദേഹത്തിന്റെ മകൻ അമൽ (20) സഹോദരൻ കരുനാഗപ്പള്ളി ആദിനാട് സ്വദേശി ജയകുമാർ എന്നിവർക്ക് ഗുരുതര പരുക്കേറ്റ് ചികിത്സയിലാണ്. ഇവർ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അമലിന്റെ തലയ്ക്കും വാരിയെല്ലുകൾക്കുമാണ് പരുക്കേറ്റിരിക്കുന്നത്.

കൊല്ലം-തേനി ദേശീയപാതയിൽ ഭരണിക്കാവ് പുന്നമ്മൂട് കോട്ടവാതുക്കൽ ജംക്ഷനിൽ പുലർച്ചെ 5.30നാണ് അപകടം.30ലേറെ വർഷമായി ഷാർജയിലായിരുന്ന രാജൻപിള്ള പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ രാജൻ പിള്ളയെ വീട്ടിലേക്ക് കൂട്ടികൊണ്ട് വരുന്നതിനിടെയാണ് അപകടം. മുന്നിൽ പോയ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ടൂറിസ്റ്റ് ബസിൽ കാർ ഇടിച്ചു കയറുകയായിരുന്നു എന്നു നാട്ടുകാർ പറഞ്ഞു.

തെങ്ങമത്ത് നിന്ന് ശിവഗിരിയിലേക്ക് തീർത്ഥാടകരുമായി പോയതായിരുന്നു ബസ്. ഇടിയുടെ ആഘാതത്തിൽ പൂർണമായും തകർന്ന കാറിന്റെ മുൻഭാഗത്തിരുന്ന രാജൻ പിള്ളയെ പുറത്തെത്തിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും നടന്നില്ല. ശാസ്താംകോട്ടയിൽ നിന്നും അഗ്‌നിരക്ഷാസേനയെത്തി കാർ വെട്ടിപൊളിച്ചാണ് പിള്ളയെ പുറത്തെടുത്തത്. ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം മോർച്ചറിയിൽ. വിജയശ്രീയാണ് ഭാര്യ.