അടിമാലി: വെള്ളത്തൂവൽ പഞ്ചായത്തിലെ ആനച്ചാലിൽ പ്രവർത്തിച്ചുവരുന്ന വണ്ടർവാലി അഡ്വഞ്ചർ പാർക്കിൽ വൻ സുരക്ഷാ വീഴ്ച. അപകടത്തിൽപ്പെട്ട ഡോക്ടർ രക്ഷപെട്ടത് തലനാരിഴയ്ക്ക്. പ്രമുഖ രാഷ്ട്രീയ കക്ഷിയുടെ ബിനാമി നടത്തുന്ന പാർക്കിന് ഒത്താശയുമായി പൊലീസും രംഗത്ത്.ബീ ജെ പി ജില്ലാഭാരവാഹിയുടെ ബിനാമി നടത്തിവരുന്ന പാർക്കിൽ കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ ഉത്തരേന്ത്യക്കാരനായ ഡോക്ടർക്ക് സാരമായി പരിക്കേറ്റിരുന്നു. കാൽ ഒടിയുകയും പാതം തിരിഞ്ഞുപോവുകയും ചെയ്ത ഇയാൾ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികത്സയിലാണ്.

കുടുംബസഹിതം പാർക്കിലെത്തിയ ഡോക്ടർ മകളെ റെയ്ഡിൽ പങ്കെടുപ്പിക്കാനായി കാത്തുനിൽക്കവെയാണ് അപകടത്തിൽപ്പെട്ടത്.കറങ്ങിക്കൊണ്ടിരുന്ന യന്ത്രം ഇടിച്ചിതിനെത്തുടർന്ന് തെറിച്ചുപോയ ഡോക്ടറെ ഏറെ പണിപ്പെട്ടാണ് ജീവനക്കാർ പുറത്തെടുത്തത്. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.നാട്ടുകാരുടെ സഹായത്തോടെ സ്വകാര്യആമ്പുലൻസിലാണ് പരിക്കേറ്റ ഡോക്ടറെ ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. നാട്ടുകാരാണ് പുറത്ത് വിട്ടത്.

പാർക്കിലെത്തിയ നിരവധിപേർ നോക്കിനിൽക്കെ നടന്ന അപകടം നിസാരവൽക്കരിക്കാൻ പാർക്ക് നടത്തിപ്പുകാർ നീക്കം ശക്തമാക്കിയിരുന്നു.ഇതിന്റെ ഭാഗമായി ഡോക്ടറെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിൽ നിന്നും വിവരങ്ങൾ ചോരാതിരിക്കാൻ ഇക്കൂട്ടർ ഇടപെട്ടതായും സൂചനയുണ്ട്. സംഭവം സംബന്ധിച്ച് യാതൊരുവിവരവുമില്ലന്നാണ് വെള്ളത്തൂവൽ പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.പാർക്കിൽ ഇത്തരം അപകടം തുടർക്കഥയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്. നേരത്തെ ഇവിടെയുണ്ടായ അപകടത്തിൽ പാർക്കിന്റെ ശില്പികൂടിയായ ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റിരുന്നു.

ആവശ്യമായ ചികത്സാ സഹായം ലഭ്യമാക്കിയില്ലെന്ന് മാത്രമല്ല,ഇയാളെ പിന്നീട് ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.അത്യന്തം അപകട സാദ്ധ്യതയുള്ള റോപ് വേയും വടത്തിൽ തൂങ്ങി ചാടലും മുൾപ്പെടെ പലതരം വാട്ടർ റൈഡുകളും ഉള്ള ഇവിടെ ആവശ്യമായ സുരക്ഷ ക്രമീകരണങ്ങളില്ലന്നുള്ള ആരോപണം തുടക്കം മുതലേ ശക്തമാണ്.പഞ്ചായത്തിന്റെയും ഫയർഫോഴ്‌സിന്റെയും അനുമതി ലഭിച്ചിട്ടുള്ള പാർക്കിന് സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള വിവിധ വകുപ്പുകളുടെ പ്രവർത്താനാനുമതിയില്ലെന്നും രാഷ്ട്രീയ-പണ സ്വാധീനത്താലാണ് നടത്തിപ്പുകാർ പാർക്ക് പ്രവർത്തിച്ചുവന്നിരുന്നതെന്നും ആരോപണമുയർന്നിട്ടുണ്ട്.

മൂന്നാറിലെത്തുന്ന വിദേശിയർ ഉൾപ്പെടെയുള്ള നൂറുകണക്കിന് വിനോദസഞ്ചാരികൾ ദിവസേന വന്നുപോകുന്ന പാർക്കിലെ സുരക്ഷാ സംവിധാനങ്ങളുടെ പോരായ്മ ഭാവിയിൽ വൻ ദുരന്തത്തിന് വഴിതെളിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.