- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹം കഴിഞ്ഞിട്ട് വെറും പത്തുദിവസം മാത്രം; ചേലമ്പ്രയിലെ പിതൃസഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവരുന്നതിനിടെ അപകടം; ദേശീയപാതയിൽ ബുള്ളറ്റ് നിയന്ത്രണം തെറ്റി ടാങ്കർ ലോറിക്ക് അടിയിൽ പെട്ടത് ഓവർടേക്കിങ്ങിനിടെ; നവദമ്പതികളുടെ ദുരന്തത്തിൽ കണ്ണീരോടെ ബന്ധുക്കളും നാട്ടുകാരും
മലപ്പുറം: ചേലേമ്പ്ര ദേശീയപാതയിൽ നവദമ്പതിമാർ അപകടത്തിൽ പെട്ടത് ബുള്ളറ്റ് മറ്റൊരു ബൈക്കിനെ മറികടക്കുന്നതിനിടെ ടാങ്കർ ലോറിക്ക് മുന്നിൽ പെട്ടതോടെ. ബുള്ളറ്റ് നിയന്ത്രണം തെറ്റി ലോറിക്കടിയിൽ പെടുകയായിരുന്നു. ദേശീയപാത കാക്കഞ്ചേരി സ്പിന്നിങ് മില്ലിന് സമീപമാണ് അപകടമുണ്ടായത്. ബുള്ളറ്റിൽ സഞ്ചരിച്ച വേങ്ങര കണ്ണമംഗലം മാട്ടിൽ വീട്ടിൽ സലാഹുദ്ദീൻ(25) ഭാര്യ ഫാത്തിമ ജുമാന (19)എന്നിവരാണ് മരിച്ചത്. 10 ദിവസം മുമ്പായിരുന്നു ഇവരുടെയും വിവാഹം. ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം. പുതുജീവിതം തുടങ്ങും മുമ്പേ ഈ യുവതീയുവാക്കളുടെ ജീവനെടുത്ത ദുരന്തത്തിൽ തരിച്ചിരിക്കുകയാണ് വീട്ടുകാരും നാട്ടുകാരും.
ഇവർ സഞ്ചരിച്ച ബുള്ളറ്റ് ബൈക്ക് ചേലേമ്പ്ര സ്പിന്നിങ് മില്ലിന് സമീപം ഓവർടേക്കിനിങ്ങിനിടെ നിയന്ത്രണം തെറ്റിയതോടെയാണ് ടാങ്കർ ലോറിക്ക് അടിയിൽ പെട്ടത്. സലാഹുദ്ദീന്റെ ശരീരത്തിലൂടെ ലോറി കയറിറങ്ങി. സലാഹുദ്ദീൻ സംഭവസ്ഥലത്തു വെച്ചും ജുമാന ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്.
ശനിയാഴ്ച ജുമാനയുടെ ചേലേമ്പ്രയിലുള്ള പിതൃ സഹോദരിയുടെ വീട്ടിലേക്ക് വിരുന്നിന് വരുന്നതിനിടെയാണ് അപകടം. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചേലേമ്പ്ര ഇളന്നുമ്മൽ കുറ്റിയിൽ അബ്ദുൽ നാസറിന്റെ മകളാണ് മരിച്ച ഫാത്തിമ ജുമാന, മാതാവ് ഷഹർബാനു. സഹോദരങ്ങൾ സൽമനുൽ ഫാരിസ്, മുഹമ്മദ് ആദിൽ.
മറുനാടന് മലയാളി ബ്യൂറോ