മലപ്പുറം: പൊലീസിനെ കണ്ടു ഭയന്നോടിയ മലപ്പുറം പട്ടർനടക്കാവ് സ്വദേശിയായ യുവാവ് കിണറ്റിൽ വീണ് മരിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് തിരുനാവായയിൽ നിന്നു മണൽ കയറ്റിവന്ന ലോറി തൊഴിലാളിയായ യുവാവ് പൊലീസിനെ കണ്ടുഭയന്നോടി ജീവൻ കളഞ്ഞത്. പട്ടർനടക്കാവ് സ്വദേശി വെളുത്തേടത്ത് പറമ്പിൽ സൽമാൻഫാരിസ് മരിച്ചത്. കന്മനം കണ്ടമ്പാറയിലാണ് സംഭവം. തിരുനാവായയിൽ നിന്നു മണൽ കയറ്റിവന്ന ലോറിയെ രണ്ടു വാഹനങ്ങളിലായി പിന്തുടർന്ന കൽപ്പകഞ്ചേരി പൊലീസ് കണ്ടമ്പാറയിൽ വച്ച് വാഹനത്തെ തടഞ്ഞു. ഇതോടെ പൊലീസിനെ കണ്ടു ഭയന്ന യുവാക്കൾ ഓടി ഒളിക്കുകയായിരുന്നു. പിന്നീട് ഇതിൽ ഒരാളുടെ മൃതദേഹം തൊട്ടടുത്തുള്ള കിണറ്റിൽ കണ്ടെത്തുകയായിരുന്നു.

അതേസമയം മരിച്ച സൽമാൻഫാരിസും ഡ്രൈവറും പൊലീസ് വാഹനം കണ്ടു ഇറങ്ങി ഓടുന്നതും പൊലീസ് ഇവരെ പിന്തുടരുന്നതും തെരച്ചിൽ നടത്തുന്നതും സമീപത്തെവീട്ടിലെ നിരീക്ഷണ കാമറയിൽ പതിഞ്ഞിട്ടുണ്ട്.

സംഭവത്തിൽ കൽപകഞ്ചേരി പൊലീസിന്റെ ഭാഗത്തു നിന്നു വലിയ വീഴ്ചയാണ് സംഭവിച്ചതെന്നും കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മൃതദേഹം ആംബുലൻസിൽ വച്ച് നാട്ടുകാരും ബന്ധുക്കളും പ്രതിഷേധിച്ചു. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടെങ്കിൽ നടപടിയെടുക്കാമെന്ന തിരൂർ ഡിവൈഎസ്‌പിയുടെ ഉറപ്പിനെ തുടർന്നാണ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയത്. വളാഞ്ചേരി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.