നീലേശ്വരം: അയൽവാസിയുടെ മതിലിടിഞ്ഞ് ദേഹത്ത് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ചായ്യോം ചക്ലിയ കോളനിയിലാണ് 12കാരനായ വിദ്യാർത്ഥിയുടെ മേൽ അയൽവാസിയുടെ മതിലിടിഞ്ഞ് വീണത്. മതിൽ ഇടിഞ്ഞു വീഴുന്ന ശബ്ദവും കുട്ടിയുടെ നിലവിളിയും കേട്ട് ഓടിയെത്തിയ നാട്ടുകാർ മതിലിനടിയിലകപ്പെട്ട കുട്ടിയെ പുറത്തെടുത്ത് ഉടൻ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ വഴിമദ്ധ്യേ മരണപ്പെടുകയായിരുന്നു.

ചായ്യോം ചക്ലിയ കോളനിയിലെ രമേശൻ-ശൈലജ ദമ്പതികളുടെ മകനും, ചായ്യോം ഗവൺമെന്റ് ഹൈസ്‌കൂളിലെ 5-ാം തരം വിദ്യാർത്ഥിയുമായ റിതിൻ രമേശനാണ് ഇന്നലെ വൈകുന്നേരം മതിലിടിഞ്ഞ് ദേഹത്ത് വീണ് മരിച്ചത്.

സനീഷ്, വിപിൻ എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ നീലേശ്വരം പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു