കണ്ണൂർ: കണ്ണുർ ചാലക്കുന്നിൽ വീണ്ടും ടാങ്കർ ലോറി കുഴിയിൽ വീണു ചെരിഞ്ഞു. ഇന്നു വൈകുന്നേരം അഞ്ചര മണിയോടെയാണ് അപകടം. തലശേരി ഭാഗത്തു നിന്നും കണ്ണുർ ഭാഗത്തേക്ക് പോകുന്ന പാചക വാതക ഗ്യാസ് ടാങ്കർ ലോറിയാണ് വൺവേ റോഡിലേക്ക് ഇറങ്ങുമ്പോൾ റോഡരികിലെ കുഴിയിൽ വീണു ചെരിഞ്ഞത്.

പാചക വാതകം നിറക്കുന്നതിനായി ചോളാരിയിൽ നിന്നും മംഗളുര് ഗ്യാസ് ഫില്ലിങ്‌സ്റ്റേഷനിലേക്ക് പോകും വഴിയാണ് അപകടം. റോഡിലെ ഇറക്കം ഇറങ്ങുമ്പോൾ കുഴിയിൽ ടയറുകൾ പതിച്ച് ചെരിയുകയായിരുന്നു. വിവരമറിഞ്ഞ് ഫയർഫോഴ്‌സും പൊലിസും സ്ഥലത്തെത്തി നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കു ചേർന്നു.

അപകടത്തെ തുടർന്ന് ഈ റൂട്ടിൽ അൽപ്പനേരം ഗതാഗത തടസമുണ്ടായി. കണ്ണുർ -തലശേരി ദേശീയപാതയിൽ അപകടം നിത്യസംഭവമായതിനെ തുടർന്ന് പൊലിസ് ടാങ്കർ ലോറി പരിശോധന ശക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് അപകടങ്ങൾ കുറഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ വീണ്ടും ആവർത്തിച്ചിരിക്കുകയാണ് വൈകുന്നേരം പെയ്ത കനത്ത മഴയും അപകടത്തിന് കാരണമായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.