കണ്ണൂർ: ഓൺലൈൻ പഠനത്തിനായി റെയ്ഞ്ചു കിട്ടുന്നതിനായി മൊബൈൽ ഫോണുമായി കൂറ്റൻ മരത്തിൽ വലിഞ്ഞുകയറിയ ആദിവാസി ബാലൻ കാൽ വഴുതി അബദ്ധത്തിൽ താഴെ വീണു ഗുരുതരമായി പരുക്കേറ്റു. കണ്ണവം വനമേഖലയിലെ പന്നിയോട് ആദിവാസി കോളനിയിലെ പി അനന്തു ബാബുവാണ് അപകടത്തിൽ പെട്ടത്.

വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നട്ടെല്ലിനാണ് പൊട്ടലുള്ളത്. കുട്ടിയെ പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലസ് വൺ അലോട്ട്മെന്റ് പരിശോധിക്കാനായാണ് വീടിനടുത്തുള്ള കൂറ്റൻ മരത്തിന് മുകളിലേക്ക് അനന്തബാബു കയറിയതെന്ന് ബന്ധുക്കൾ പറയുന്നു.

കാൽ തെറ്റി പാറക്കൂട്ടത്തിലേക്കാണ് വിദ്യാർത്ഥി വീണത്. അനന്തബാബു അടക്കം കോളനിയിൽ 72 വിദ്യാർത്ഥികളാണ് ഉള്ളത്. ഇവിടെ മൊബൈലിന് റേഞ്ചില്ലാത്തത് നേരത്തെ മാധ്യമങ്ങളിൽ വാർത്തയായിരുന്നു. പത്താം ക്ലാസിൽ ഓൺലൈൻ വിദ്യാഭ്യാസം ലഭിക്കാൻ ഇതേ മരത്തിന് മുകളിൽ കയറിയാണ് അനന്തബാബു പഠിച്ചത്.

ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ പ്ലസ് വൺ അലോട്ട്‌മെന്റ് പരിശോധിക്കാനായിരുന്നു വീണ്ടും മരത്തിൽ കയറിയത്. വീണ ഉടനെ തന്നെ കുട്ടിയെ ബന്ധുക്കളും നാട്ടുകാരും കൂത്തുപറമ്പ് ജനറൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ വിദഗ്ദ്ധ പരിശോധനയ്ക്ക് വേണ്ടി പരിയാരത്തേക്ക് മാറ്റുകയായിരുന്നു.

കൊ വിഡ് രോഗികളെ കൊണ്ടു നിറഞ്ഞ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിടക്കയില്ലെന്നു പറഞ്ഞ് കുട്ടിയെ തറയിൽ കിടത്താൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതായി അനന്തബാബുവിന്റെ ബന്ധുക്കൾക്ക് പരാതിയുണ്ട്. നട്ടെല്ലിന് പൊട്ടലുള്ളതിനാൽ ഇവർ വിസമ്മതിച്ചതോടെയാണ് ബെഡ് അനുവദിക്കാൻ തയ്യാറായത്.

അനന്തബാബുവിന്റെ കോളനിയിൽ 110 കുടുംബങ്ങളാണുള്ളത്. കണ്ണവം വനമേഖലയിലെ കുട്ടികൾ മൊബൈൽ റെയ്ഞ്ച് കിട്ടാതെ അനുഭവിക്കുന്ന പഠന പ്രതിസന്ധി നേരത്തെ മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഇതേ തുടർന്ന് കണ്ണൂർ ജില്ലാ കലക്ടർ ടിവി സുഭാഷിന്റെ നേതൃത്വത്തിൽ മൊബൈൽ കമ്പനി പ്രതിനിധികളുടെ യോഗം വിളിച്ചു മലയോര മേഖലയിൽ പുതിയ ടവർ നിർമ്മിക്കാൻ തീരുമാനിച്ചുവെങ്കിലും നടപ്പിലായില്ലെന്നു പരാതിയുണ്ട്.