പാനൂർ: പാനൂർ പാത്തിപ്പാലത്ത് അമ്മയും കുഞ്ഞും പുഴയിൽ വീണ നിലയിൽ കണ്ടെത്തി. കുട്ടി ദാരുണമായി മരിച്ചു. അമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തി. തലശ്ശേരി കോടതി ജീവനക്കാരൻ പത്തായക്കുന്നിലെ കെ.പി ഷിനുവിന്റെ ഭാര്യ സോനയും മകൾ അൻവിതയുമാണ് പുഴയിൽ വീണത്. കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ അമ്മയെ രക്ഷപ്പെടുത്തി. ഒന്നര വയസുള്ള കുട്ടിയുടെ മൃതദേഹം പിന്നീട് കണ്ടടുത്തു.

വെള്ളിയാഴ്‌ച്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. പാത്തിപ്പാലം വള്ള്യായി റോഡിൽ ജല അതോരിറ്റിക്ക് സമീപത്തെ ചാത്തന്മൂല ഭാഗത്തെ പുഴയിലാണ് ദുരുഹ സാഹചര്യത്തിൽ അമ്മയെയും കുഞ്ഞിനെയും വീണ നിലയിൽ കണ്ടത്. അമ്മയുടെ നിലവിളി കേട്ട നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടിയെ ഒരു കിലോമീറ്റർ അപ്പുറത്ത് നിന്നു കണ്ടെത്തി.

ഭർത്താവിന്റെ കൂടെ ബൈക്കിൽ മൂന്ന് പേരും പുഴക്ക് സമീപത്ത് എത്തുകയായിരുന്നുവെന്ന് സംശയിക്കുന്നു. ബൈക്ക് പുഴയുടെ സമീപത്ത് കണ്ടടുത്തു. ഭർത്താവിനെ കാണാനില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ് . കൂടുതൽ കാര്യങ്ങൾ അറിവായിട്ടില്ല. കുട്ടിയുടെ മൃതദേഹം കൂത്തുപറമ്പ് ഗവ: ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്‌സും സംഭവസ്ഥലത്ത് എത്തിയിരുന്നു.കതിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം നടന്നത്. എസിപി വിഷ്ണു പ്രദീപും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.