- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസും ക്രെയിനും കൂട്ടിയിടിച്ച് ആറുപേർക്ക് പരുക്കേറ്റു; അപകടം പാനൂർ പാലക്കൂലിൽ

തലശേരി:പാനൂർ പാലക്കൂലിൽ ബസും, ക്രെയിനും കൂട്ടിയിടിച്ച് പിഞ്ചു കുട്ടിയടക്കം ആറുപേർക്ക് പരിക്കേറ്റു. പാലക്കൂൽ കണ്ണൻ പീടികക്കടുത്ത് വ്യാഴാഴ്‌ച്ച ഉച്ചയ്ക്കാണ് അപകടം നടന്നത്. സമീപത്തു നിന്നും ക്രെയിൻ അപകടകരമായി പൊടുന്നേനെ മുന്നോട്ടെടുത്തതാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
തലശേരി മനേക്കര പൊയിലൂർ റൂട്ടിലോടുന്ന കൃഷ്ണബസാണ്(പ്രിൻസ്) അപകടത്തിൽപ്പെട്ടത്. ക്രെയിനിലിടിച്ച ബസിന്റെ മുൻ ഭാഗം പൂർണമായും തകർന്ന നിലയിലാണ്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം തെറ്റിയ ബസ് തൊട്ടടുത്ത് നിർമ്മാണം നടക്കുന്ന കെട്ടിടത്തിന് സമീപത്തേക്ക് നീങ്ങിയാണ് നിന്നത്.
മുൻഭാഗത്തുണ്ടായിരുന്ന സ്ത്രീകളും കുട്ടികളടക്കമുള്ളവരാണ് പരിക്കേറ്റവരിലേറെയും. ഓടി കൂടിയ നാട്ടുകാരാണ് രക്ഷാ പ്രവർത്തനം നടത്തിയത്. വിവരമറിഞ്ഞ് പാനൂർ പൊലീസും ഉടൻ സ്ഥലത്തെത്തി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവർ തലശേരിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.


