ചിങ്ങവനം: മറിയപ്പള്ളി മുട്ടത്തെ പാറമടക്കുളത്തിൽ കഴിഞ്ഞ രാത്രി മറിഞ്ഞ ടിപ്പർ ലോറി ഉയർത്തി. ലോറിക്കുള്ളിൽ നിന്നും ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കരുമാനൂർ പാറശാല എസ്എസ് ഭവനിൽ ബി.അജികുമാറാണ് മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രി 9.30 ഓടെയാണ് മറിയപ്പള്ളി മുട്ടത്തെ പാറമടക്കുളത്തിലേക്ക് ലോറി മറിഞ്ഞത്. മറിയപ്പള്ളിയിലെ വളം ഡിപ്പോയിൽ നിന്നുള്ള ലോഡുമായി ചേപ്പാടേക്കു പോകുന്നതിനിടെയായിരുന്നു അപകടം. ഡ്രൈവർ അജികുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി.

100 അടിയോളം ആഴമുള്ള പാറമടക്കുളത്തിൽ 20 അടിയിലേറെ താഴ്ചയിലേക്ക് ലോറി മുങ്ങിപ്പോയിരുന്നു. പാറമടക്കുളത്തിൽ പൂർണമായും ചെളിയും വെള്ളവും നിറഞ്ഞത് രക്ഷാപ്രവർത്തനം വൈകിപ്പിച്ചു. ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തിയശേഷം ഡ്രൈവർക്കായി തെരച്ചിൽ നടത്താൻ ശ്രമം നടത്തിയെങ്കിലും ക്രെയിൻ ചരിഞ്ഞതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

പാറമടക്കുളത്തിനു സമീപം തന്നെയുള്ള വളം ഡിപ്പോയിൽ നിന്നും കയറിയെത്തിയ ലോറി, നിയന്ത്രണം നഷ്ടമായി പാറമടക്കുളത്തിലേക്കു മറിയുകയായിരുന്നു. രാത്രി 12 ഓടെയാണ് അഗ്‌നിരക്ഷാ സേനയ്ക്ക് ലോറി എത്ര ആഴത്തിലാണ് കിടക്കുന്നതെന്നു കണ്ടെത്താൻ സാധിച്ചത്. പിന്നീട് രണ്ടു മണിക്കൂറോളം തെരച്ചിൽ തുടർന്നെങ്കിലും ഫലമുണ്ടായില്ല. ഇതോടെ പുലർച്ചെ രണ്ടോടെ തെരച്ചിൽ നിർത്തിവച്ചു.

പിന്നീട് പുലർച്ചെ തെരച്ചിൽ തുടങ്ങി. മുങ്ങൽ വിദഗ്ധരും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും മണിക്കൂറുകൾ പണിപ്പെട്ടാണ് ലോറി ഉയർത്തിയത്. ലോറിക്കുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു ഡ്രൈവറുടെ മൃതദേഹം.