തലശേരി: ഉത്സവാഘോഷത്തിനിടെ തലശേരി ജഗന്നാഥ ക്ഷേത്രച്ചിറയിൽ കുളിക്കാനിറങ്ങിയ ഏഴുവയസുകാരി മുങ്ങി മരിച്ചു. രാജസ്ഥാൻ ജയ്പൂരിലെ ഗോപി-മംത ദമ്പതികളുടെ മകളായ കൊനയാണ് ദാരുണമായി മരിച്ചത്. ചൊവ്വാഴ്‌ച്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം.

കൊനയും കൂടെയുണ്ടായിരുന്ന സമപ്രായക്കാരായ രണ്ടുകുട്ടികൾ ഒരുമിച്ച് കുളിക്കാനിറങ്ങുകയായിരുന്നു. മൂവരും വെള്ളത്തിൽ മുങ്ങുകയായിരുന്നു. പരിസരത്തുള്ളവർ ചിറയിലേക്ക് ചാടി മൂവരെയും കരയ്‌ക്കെത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള ശിവാനിയെന്ന കുട്ടിയെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജഗന്നാഥ ക്ഷേത്രോവസത്തിന് ബലൂൺ വിൽക്കാനെത്തിയവരാണ് ഇവർ. കൂടെയുണ്ടായിരുന്നവരുടെ കണ്ണ് വെട്ടിച്ച് ചിറയിൽ ഇറങ്ങുകയായിരുന്നുവെന്ന് കുട്ടികളുടെ ബന്ധുക്കൾ പറഞ്ഞു. മരണമടഞ്ഞ കൊനയുടെ മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തലശേരി ടൗൺ പൊലീസ് ഇൻക്വസ്റ്റ് നടത്തി.