കൊച്ചി: ദേശീയ പാതയിൽ ട്രക്കുമായി കൂട്ടിയിടിച്ച് കാർ കത്തി നശിച്ചു. ദേശീയ പാതയിൽ, പാലാരിവട്ടത്തിന് സമീപം ചക്കരപ്പറമ്പിലാണ് കാർ കത്തി അപകടം ഉണ്ടായത്. രാത്രി 10 മണിയോടെയായിരുന്നു അപകടം. ദേശീയ പാതയിൽ നിന്നും യു ടേൺ എടുത്ത ട്രക്കിൽ കാർ ഇടിക്കുകയായിരുന്നു. രണ്ടുപേരാണ് കാറിലുണ്ടായിരുന്നത്. ഇവർ പുറത്തിറങ്ങി നിമിഷങ്ങൾക്കകം സ്പാർക്ക് ഉണ്ടാവുകയും, തീ പടർന്നുപിടിക്കുകയും ആയിരുന്നു.

കാറിലെ യാത്രികരുടെ വിലപിടിപ്പുള്ള സാധനങ്ങൾ വളരെ വേഗം മാറ്റിയതിനാൽ അവ നഷ്ടമായില്ല. തീ ആളി പടർന്നതോടെ അഗ്നിശമന സേനയെ വിളിച്ചു. എന്നാൽ, സേന എത്തിയപ്പോഴേക്കും കാർ പൂർണമായി കത്തി അമർന്നിരുന്നു. ഗാന്ധിനഗറിൽ നിന്നും രണ്ടുയൂണിറ്റ് സേന രംഗത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പാലാരിവട്ടം പൊലീസും സ്ഥലത്തെത്തി. തീപിടുത്തത്തെ തുടർന്ന വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്.

വൈറ്റില സ്വദേശിയായ ശ്രീജേഷിന്റെ മുംബൈയിലെ സുഹൃത്തുക്കൾ നെടുമ്പാശേരിയിൽ എത്തിയിരുന്നു. ഇവർ ശബരിമലയിലേക്ക് പോകാൻ വന്നവരാണ്. അവരെ നേരിൽ കാണാനായി പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ട്രക്ക് സിഗ്നൽ നൽകാതെ വലത്തേക്ക് യുടേൺ എടുക്കുകയായിരുന്നു എന്നു പറയുന്നു. അപ്രതീക്ഷിതമായി ട്രക്ക് യുടേൺ എടുത്തപ്പോൾ, കാർ ഡ്രൈവർക്ക് ബ്രേക്ക് ചെയ്യാൻ ഉള്ള സാവകാശം കിട്ടിയില്ല. ട്രക്കിന്റെ പിന്നിലിടിച്ച ഉടൻ പുറത്തിറങ്ങിയതുകൊണ്ട് കാര്യമായ പരിക്കുകൾ ഒന്നും യാത്രികർക്കുണ്ടായില്ല. ദേശീയ പാതയിൽ ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. അപകടം നടന്നിട്ടും കടന്നുപോയ ട്രക്ക് കണ്ടെത്താൻ, ശ്രമം തുടങ്ങി.