കണ്ണൂർ: കണ്ണൂർ-ദേശീയ പാതയിലെ ബക്കളത്ത് കാർ ഇടിച്ചുതെറിപ്പിച്ചു നിർത്താതെ പോയ ചരക്കുലോറി പൊലീസ് തിരിച്ചറിഞ്ഞു. അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നിട്ടുണ്ട്. അപകടത്തെ തുടർന്ന് നിർത്താതെ പോയ ചരക്കുലോറിക്കായി പൊലിസ് അന്വേഷണം നടത്തിവരികയായിരുന്നു.

തളിപ്പറമ്പ് പൊലീസ് ഇൻസ്പെക്ടർ എ.വി ദിനേശനും എസ്‌ഐ പി.സി സഞ്ജയ് കുമാറിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം ദേശീയ പാതയോരത്തെ നിരവധി നിരീക്ഷണ ക്യാമറകൾ പരിശോധിച്ചാണ് കൊയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ കണ്ടൈനർലോറി കണ്ടെത്തിയത്.

കഴിഞ്ഞ മാർച്ച് ഒൻപതിന് പുലർച്ചെ നടന്ന അപകടത്തിൽ കാർ പൂർണ്ണമായി തകർന്നിരുന്നു. ഗുരുതരമായി പരിക്കേറ്റ യാത്രക്കാരനായ നീലേശ്വരം സ്വദേശി മല്ലപ്പള്ളി എം.സി രതീഷ് ഇപ്പോഴും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ കഴിയുകയാണ്.ലോറി കണ്ടെത്താൻ പൊലീസ് നീലേശ്വരം മുതൽ തലശ്ശേരി വരെയുള്ള നിരീക്ഷണ ക്യാമറ പരിശോധിച്ചിരുന്നു.

പല നിരീക്ഷണ ക്യാമറയിലും ലോറിയുടെ ചിത്രം പതിഞ്ഞിരുന്നെങ്കിലും നമ്പർ വ്യക്തമായിരുന്നില്ല.തുടർന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽ ലോറി കണ്ടെത്തി. തമിഴ്‌നാട് സ്വദേശിയായ ഡ്രൈവർ തളിപ്പറമ്പ് സ്റ്റേഷനിൽ ഹാജരായി. കണ്ടൈനർ ലോറി ഉടൻ തളിപ്പറമ്പിൽ എത്തിക്കാനുള്ള നടപടിയെടുത്തതായി പൊലീസ് പറഞ്ഞു.