കണ്ണൂർ: തലനാരിഴയ്ക്കാണ് പലപ്പോഴും റോഡപകടങ്ങളിൽനിന്ന് പലരും രക്ഷപ്പെടുന്നത്. വലിയ ദുരന്തത്തിന്റെ വായിൽനിന്നുള്ള നേരിയ രക്ഷപ്പെടലിന്റെ ഒരു ദൃശ്യമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിനടുത്ത് ചൊറുക്കളയിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.

വാഹനങ്ങൾ കടന്നുപോകുന്ന റോഡിന്റെ അരികിൽ നിന്ന് സൈക്കിളിൽ അതിവേഗത്തിലെത്തിയ കുട്ടി, വാഹനങ്ങൾക്കടിയിൽപ്പെടാതെ അത്ഭുതകരമായി രക്ഷപ്പെടുന്നതാണ് പുറത്തുവന്നിരിക്കുന്ന ദൃശ്യത്തിലുള്ളത്. അതിവേഗത്തിലെത്തി, ആദ്യം ബൈക്കിൽ ഇടിച്ച ശേഷം കുട്ടിയും സൈക്കിളും റോഡിലേക്ക് തെറിച്ചുവീഴുന്നു.

തുടർന്ന് പിറകേ വന്ന കെഎസ്ആർടിസി ബസ് സൈക്കിളിനു മുകളിലൂടെ കയറിയിറങ്ങുന്നു. എന്നാൽ കുട്ടി അത്ഭുതകരമായി ഒരു പോറൽ പോലുമേൽക്കാതെ റോഡിന്റെ മറുവശത്തേക്ക് തെന്നിനീങ്ങുന്നു. ആരുടെയും ശ്വാസം നിലപ്പിക്കുന്ന കാഴ്ചയാണ് സിസിടിവിയിൽ പതിഞ്ഞിരിക്കുന്നത്. ഇതുസോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.