തലശേരി:ബൈക്കിൽ ഗുഡ്സ് ഓട്ടോറിക്ഷയിടിച്ച് യുവാവിന് ദാരുണാന്ത്യം. കതിരൂർ നാലാം മൈലിലെ അയ്യപ്പമഠത്തിനടുത്തുവെച്ചുണ്ടായ അപകടത്തിൽ 21 വയസുകാരനാണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപതുമണിയോടെയാണ് അപകടം.ബൈക്ക് യാത്രികനായ എരഞ്ഞോളി ചുങ്കത്തെ കൂരാറ വീട്ടിൽ ഷോഹിത്ത് മഹേഷാ(21)ണ് മരിച്ചത്.

വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഷോഹിത്തിനെ പ്രദേശവാസികൾ ഉടൻ തലശേരി ജനറൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എസി മെക്കാനിക്കായ ഷോഹിത്ത് രാവിലെ വീട്ടിൽ നിന്നും ജോലിക്ക് പോകുന്നതിനിടെയാണ് അപകടം. മഹേഷ്-ജയ ദമ്പതികളുടെ മകനാണ്. സഹോദരി: ഷോന. സംഭവത്തിൽ കതിരൂർ പൊലിസ് ഗുഡ്സ് ഓട്ടോ ഡ്രൈവർക്കെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.