തലശേരി: തലശേരി നഗരത്തിൽ കണ്ടെയ്‌നർ ലോറിയിടിച്ചു ഓട്ടോയാത്രക്കാരി ദാരുണമായി മരിച്ചു. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം. കാവുംഭാഗം മൈത്രി ബസ് സ്റ്റോപ്പിനടുത്ത് കയനോത്ത് വീട്ടിൽ പത്മകുമാരി(60)യാണ് മരിച്ചത്. തലശേരി ജനറൽ ആശുപത്രിക്ക് സമീപം ഓട്ടോറിക്ഷ ഇറങ്ങി ഡ്രൈവർക്ക് പണം നൽകുന്നതിനിടെയാണ് പത്മകുമാരിയെ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്‌നർ ലോറി ഇടിച്ചത്.

ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് പൊലിസ് അറിയിച്ചു. അവിവാഹിതയാണ് പത്മകുമാരി. അപകടത്തിൽ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.