- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എറണാകുളത്ത് നിന്ന് പുതിയ കാർ വാങ്ങി വരുമ്പോൾ അപകടം; ഉറ്റസുഹൃത്തുക്കളായ യുവാക്കളുടെ മരണത്തിൽ ഞെട്ടൽ മാറാതെ കണ്ണൂർ ചക്കരക്കൽ നിവാസികൾ; ദുരന്തം ദേശീയ പാതയിൽ ചെങ്കൽ ലോറിയിടിച്ച്

കണ്ണൂർ: ഉറ്റസുഹൃത്തുക്കളായ യുവാക്കളുടെ മരണം ചക്കരക്കൽ മേഖലയെ നടുക്കി. ഇന്ന് പുലർച്ചെയാണ് കോഴിക്കോട് കൊയിലാണ്ടി ദേശീയ പാതയിൽ പൊയിൽക്കാവിൽ ചെങ്കൽലോറിയിടിച്ചു മരണമടഞ്ഞ ശരത്ത് (32) നിജീഷ്(36) എന്നിവരുടെ ദുരന്തവാർത്ത നാടിനെ തേടിയെത്തിയത്. ഇവരുടെ കൂടെ കാറിന്റെ പിൻസീറ്റിലുണ്ടായിരുന്ന മറ്റൊരു തലമുണ്ട നൈവിക നിവാസിൽ സജിത്തിനെ(34) കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എറണാകുളത്തു നിന്നും ആൾട്ടോകാർ വാങ്ങി വരുമ്പോഴാണ് യുവാക്കൾ അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. ചെങ്കൽ ലോറി െൈഡ്രവർ സിദ്ദിഖ് ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ലോറിയിൽ നിന്നും ചെങ്കല്ലുകൾ റോഡിലേക്ക് ചെരിഞ്ഞിട്ടുണ്ട്. വെള്ളിയാഴ്‌ച്ച അർധരാത്രി കഴിഞ്ഞപ്പോഴാണ് അപകടമുണ്ടായത്. എറണാകുളത്തു നിന്നും കണ്ണൂരിലേക്ക് വരികയായിരുന്നു ശരതും നിജീഷും.
കോഴിക്കോട് ഭാഗത്തേക്ക് ചെങ്കല്ലുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറി ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്. ഇയാളും ചികിത്സയിലാണ്. ഏച്ചൂർ പാറക്കണ്ടി ശശി- കെ.പി രതി ദമ്പതികളുടെ മകനാണ് മരണമടഞ്ഞ ശരത്ത് (32). നേരത്തെ കണ്ണൂർ വൺ ഓൺ ലൈൻ ചാനലിൽ ജീവനക്കാരനായിരുന്ന ശരത് ഇപ്പോൾ കെ. എൻ. ആർ ടുഡേയെന്ന ഓൺ ലൈൻ ന്യൂസ് പോർട്ടൽ നടത്തിവരികയായിരുന്നു. കണ്ണൂരിലെ മാധ്യമപ്രവർത്തനരംഗത്ത് സജീവ സാന്നിധ്യമായിരുന്നു ശരത്.
ഷമിത്ത്, സരിൽ എന്നിവരാണ് സഹോദരങ്ങൾ. മൃതദേഹം കണ്ണൂർ എ.കെ.ജി ആശുപത്രി മോർച്ചറിയിൽ.സംസ്‌കാരം ശനിയാഴ്‌ച്ച നടക്കും. ശരത്തിന്റെ ഉറ്റസുഹൃത്തും കോൺട്രാക്ടറുമാണ് നിജീഷ് (36). തലമുണ്ട വലിയവളപ്പിൽ രാജൻ- അനിത ദമ്പതികളുടെ മകനാണ് ഭാര്യ:സൗപർണിക. മകൾ: നിള. സഹോദരങ്ങൾ: ജിനീഷ്, ഷിനീജ്. മൃതദേഹം ധനലക്ഷ്മി ആശുപത്രി മോർച്ചറിയിൽ.നിജീഷിന്റെ സംസ്‌കാരവും ശനിയാഴ്‌ച്ച നടക്കും.


