തളിപ്പറമ്പ്: പാപ്പിനിശേരി കെ. എസ്. ടി. പി റോഡിൽ വീണ്ടും വാഹനപകടം. അത്യാസന്ന നിലയിലുള്ള രോഗിയെയും കൊണ്ടു ആശുപത്രിയിലേക്ക് പോയ ആംബുലൻസിന് പിന്നിൽ ചരക്കുലോറിയിടിച്ചു രോഗി മരിച്ച സംഭവം നാടിന് ദുഃഖമായി മാറി. കൂടെയുണ്ടായിരുന്ന നാലുപേർ നിസാരപരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്‌ച്ച രാത്രി പതിനൊന്നുമണിയോടെ പാപ്പിനിശേരി കെ. എസ്. ടി.പി റോഡിൽ ചുങ്കത്തിനടുത്താണ് അപകടമുണ്ടായത്. തളിപ്പറമ്പ് അള്ളാംകുളത്തെ കുടുക്കൻ ഉമ്മർമൗലവിയാണ്(65) മരണമടഞ്ഞത്.

ഇദ്ദേഹത്തെ അതികഠിനമായ ശ്വാസം മുട്ടലിനെ തുടർന്ന് തളിപ്പറമ്പിൽനിന്നും ചാല മിംമ്സ് ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോഴാണ് അപകടമുണ്ടായത്. ആംബുലൻസ് ഡ്രൈവർ ഷാജു, വെള്ളിക്കീൽ ഉമ്മർ മൗലവിയുടെ ബന്ധുക്കളായ സമദ്, മുഹമ്മദ്, കണ്ണൂർ കലക്ടറേറ്റിലെ അഗ്രികൾച്ചറൽ വിഭാഗം ജീവനക്കാരൻ ഷാഫി എന്നിവർക്കാണ് പരുക്കേറ്റത്്. തളിപ്പറമ്പ് ഒമാൻ മസ്ജിദിൽ ജോലി ചെയ്തുവരികയാണ് ഉമ്മർ മൗലവി.

ഭാര്യ: സുബൈദ. മക്കൾ: അബ്ദുല്ല, അസ്ലം, ഫാത്തിമ, ആയിഷ. മരുമക്കൾ:നദീം, സൽമാൻ, ആയിഷ തസ്നി, ഇർഫാന. തളിപ്പറമ്പ് ലൂർദ് ആശുപത്രിയിൽ ശ്വാസം മുട്ടലിന് ചികിത്സ തേടിയ ഉമ്മർമൗലവി അസുഖം മൂർച്ഛിച്ചതിനെ തുടർന്നാണ് കണ്ണൂരിലേക്ക് തിരിച്ചത്. അപകടത്തിൽപ്പെട്ടവരെ മറ്റൊരു ആംബുലൻസിൽ പൊലിസും നാട്ടുകാരും ചേർന്ന് ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

തളിപ്പറമ്പിൽ ആദ്യമായി ഖുർ ആൻ മന:പാഠമാക്കിയ വ്യക്തിയാണ് ഉമ്മർമൗലവി. കേരളത്തിനകത്തും പുറത്തും നിരവധി ശിഷ്യന്മാർ അദ്ദേഹത്തിനുണ്ട്. മതപഠനത്തിന് ശേഷം പൂന്തുറയിലേക്ക് പോയ അദ്ദേഹം അവിടെ കുറച്ചുകാലം സേവനമനുഷ്ഠിച്ചതിനു ശേഷം ദുബൈയിലേക്ക് പോയി. നാലുവർഷം മുൻപ് ഗൾഫിൽ നിന്നും മടങ്ങിയെത്തിയ അദ്ദേഹം തളിപ്പറമ്പിലെ ഒമാൻ പള്ളി കേന്ദ്രീകരിച്ചു പ്രവർത്തിക്കുകയായിരുന്നു.