കണ്ണൂർ:സ്പീഡ്ബ്രേക്കറിനുള്ളിലൂടെ കടന്നുപോകവെ മീൻലോറി തട്ടി റോഡിൽ വീണ സ്‌കൂട്ടർ യാത്രക്കാരൻ ദാരുണമായി മരിച്ചു. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ കണ്ണൂർ-കൂത്തുപറമ്പ് സംസ്ഥാനപാതയിലേ കായലോടാണ് അപകടം.പിണറായി ഓലായിക്കര സ്വദേശി സുധീറാ(49)ണ് മരിച്ചത്.സ്‌കൂട്ടർ ഓടിച്ച പെരളശേരി ഐവർകുളം സ്വദേശി സജീത്തിനും പരുക്കേറ്റു.

ഇയാളെ തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂത്തുപറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന ഇരുവരും ഓടിച്ച സ്‌കൂട്ടർ വേഗത നിയന്ത്രണ ഡിവൈഡറുകൾ വെച്ച സ്ഥലത്തൂടെ കടന്നുപോവുമ്പോൾ എതിരെ വന്ന മിനിലോറിയുടെ പിൻഭാഗം സ്‌കൂട്ടറിൽ തട്ടുകയും സ്‌കൂട്ടർ നിയന്ത്രണം വിട്ടു സജിത്ത്, സുധീർകുമാർ എന്നിവർ റോഡിൽ വീഴുകയായിരുന്നു. തലയിടിച്ചു വീണ സുധീർ കുമാറിന് മാരകമായി പരുക്കേറ്റു.

സജിത്ത് ഹെൽമെറ്റ് ധരിച്ചതിനാൽ ഇയാൾക്ക് കൈക്കാലുകൾക്കാണ് പരുക്കേറ്റത്. നാട്ടുകാരും പൊലിസുംഇരുവരെയും കൂത്തുപറമ്പ് ജനറൽആശുപത്രിയിലെത്തിച്ചുവെങ്കിലും സുധീർ മരണമടയുകയായിരുന്നു.പരുക്ക് സാരമുള്ളതിനാൽ സജിത്തിനെ പിന്നീട് തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂത്തുപറമ്പ് പൊലിസാണ് ഇവിടെ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചത്. അപകടത്തിൽ കൂത്തുപറമ്പ് പൊലിസ് കേസെടുത്തിട്ടുണ്ട്.