- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീന്തൽ പരിശീലനത്തിനിടെ അച്ഛനും മകനും; വാഹനമിടിച്ച് കാൽനടക്കാരന്റെയും, സൈക്കിൾ യാത്രക്കാരന്റെയും മരണം; ബസ് മറിഞ്ഞ് നഴ്സിന്റെ ദാരുണാന്ത്യം; കണ്ണൂരിനെ നടുക്കി ഒരു ദിവസമറിഞ്ഞത് ആറുഅപകടമരണങ്ങൾ; കണ്ണീർമഴയായി ഉറ്റവരുടെ വിലാപങ്ങൾ
കണ്ണൂർ: ആറ് അപകടമരണങ്ങൾ കേട്ട് കണ്ണൂർ ജില്ല നടുങ്ങിയ കറുത്ത ബുധനാണ് ജൂൺ 29ന് കടന്നു പോയത്. ഏറെ പ്രതീക്ഷകളോടെ ഇനിയും എത്രയോ കാലം ജീവിക്കേണ്ട അഞ്ചുജീവനുകളാണ് വ്യത്യസ്ത അപകടങ്ങളിൽ പാതിവഴിയിൽ പൊലിഞ്ഞു പോയത്. വ്യോമ-റോഡപകടങ്ങളിൽ നാലു പേരും രണ്ടു പേർ മുങ്ങി മരിക്കുകയുമാണുണ്ടായത്. ഇതിൽ രണ്ടു പേർ വിദ്യാർത്ഥികളാണ്.
പത്താംതരത്തിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ മകനെ പ്ലസ് വൺ പരീക്ഷയ്ക്കായി ഗ്രേസ് മാർക്ക് ലഭിക്കുന്നതിന് നീന്തൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനു വേണ്ടി നീന്തൽ പഠിപ്പിക്കുന്നതിനിടെയാണ് ഏച്ചൂരിൽ മരണം രംഗബോധമില്ലാത്ത കോമാളിയായി കടന്നെത്തിയത്. ഏച്ചൂർ സർവീസ് സഹ.ബാങ്ക് സെക്രട്ടറി പി.പി ഷാജി(50) മകൻ ജ്യോതിരാദിത്യ(16) എന്നിവരാണ് ദാരുണമായി മരിച്ചത്. ചേലോറയിലാണ് ഷാജിയും കുടുംബവും താമസിക്കുന്നത്.
ബുധനാഴ്ച്ച രാവിലെ തറവാട് വീടിനടുത്തെ പന്നിയോട്ടെ കരിയിൽ കുളത്തിലാണ് ഇരുവരും നീന്തൽ പരിശീലനത്തിന് എത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി ഇവർ ഇവിടെ പരിശീലനം നടത്തി വരികയായിരുന്നു. കുട്ടിയെ നീന്തൽ പഠിപ്പിക്കാൻ ട്രെയിനർ സാധാരണ വരാറുണ്ടായിരുന്നുവെങ്കിലും ഇന്ന് രാവിലെ വൈകിയതിനെ തുടർന്ന് ഇരുവരും കുളത്തിലിറങ്ങുകയായിരുന്നു. മകൻ വെള്ളത്തിൽ അബദ്ധത്തിൽ മുങ്ങുന്നത് കണ്ട ഷാജി രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഇരുവരും മുങ്ങിമരിക്കുകയായിരുന്നുവെന്നാണ് പൊലിസ് നൽകുന്ന വിവരം.
ദേശീയപാതയിലെ പള്ളിക്കുളത്ത് ലോറിയിടിച്ച് കാർ യാത്രക്കാരനായ യുവാവ് മരണമടഞ്ഞതാണ് കണ്ണൂർ അതിരാവിലെ കേട്ട മറ്റൊരുദുരന്തവാർത്ത. ചിറക്കൽ കാഞ്ഞിരത്തറ സ്വദേശി എടക്കാടൻ ഹൗസിൽ ഇ.ശശീന്ദ്രൻ- ശോഭ ദമ്പതികളുടെ മകൻ അഭിജിത്താ(25)ണ് മരിച്ചത്. യുവാവിനെ ഗുരുതര പരുക്കുകളോടെ കൊയിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പുലർച്ചെ മരണമടയുകയായിരുന്നു.
ഇന്ന് പുലർച്ചെ ഒരുമണിയോടെ പള്ളിക്കുന്ന് യോഗീശ്വരം മണ്ഡപത്തിന് മുൻപിലാണ് അപകടമുണ്ടായത്. മരം കയറ്റി പോവുകയായിരുന്ന ലോറിയും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പൂർണമായും തകർന്ന കാറിൽ നിന്നും അഭിജിത്തിനെ പുറത്തെടുക്കുമ്പോഴും മരണമടഞ്ഞിരുന്നു. ടെക്നോമീഡിയയിൽ ജീവനക്കാരനായ അഭിജിത്ത് പള്ളിക്കുന്നിലെ ഒരു സ്വകാര്യ എഫ്. എമ്മിൽ റിലേ സ്റ്റേഷനിൽ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. ഒരുമാസം മുൻപാണ് ഇതേ സ്ഥലത്ത് വെച്ച് ലോറിയിടിച്ച് ഇരുചക്രവാഹനയാത്രക്കാരായ മുത്തച്ഛനും പേരക്കുട്ടിയും മരണമടഞ്ഞത്.
സൈക്കിൾ യാത്രയ്ക്കിടെ അജ്ഞാത വാഹനമിടിച്ചു മരിച്ച പാപ്പിനിശേരി ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് റിനാൽ ഫർഹീന്റെ(15) മരണവാർത്തയും സഹാപാഠികളെയും അദ്ധ്യാപകരെയും നാട്ടുകാരെയും ഒരേ പോലെ ദുഃഖത്തിലാഴ്ത്തി. നാലുദിവസം മുൻപ് സൈക്കിൾ സവാരിക്കിടെയാണ് ഫർഹീനെ അജ്ഞാത വാഹനമിടിച്ച് തെറിപ്പിച്ചത്. സംഭവത്തിനു ശേഷം അതീവ ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്നലെ പുലർച്ചെ ഫർഹീൻ മരണമടഞ്ഞത്.
ഇതിനു ശേഷം വൈകുന്നേരം മൂന്ന് മണി തളിപ്പറമ്പ് കുറ്റിക്കോലിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ്് മറിഞ്ഞ് ശ്രീകണ്ഠാപുരം സ്വദേശിനിയും കണ്ണൂർ ആസ്റ്റർ മിംസിലെ നഴ്സുമായജോബിയാ ജോസഫിന്റെ മരണവാർത്തയുമെത്തിയത് നാടിന് നടുക്കം സൃഷടിച്ചു. ദേശീയ പാതയിൽ നിയന്ത്രണം വിട്ടുമറിഞ്ഞ ബസിനടിയിൽപ്പെട്ട ജോബിയ ജോസഫ് തൽക്ഷണം മരണമടയുകയായിരുന്നു.
മുംബൈയിൽ ഒ. എൻ.ജിസിയുടെ കോപ്റ്റർ കടലിൽ വീണുണ്ടായ അപകടത്തിൽ മരിച്ചവരിൽ കണ്ണൂർ സ്വദേശിയുമുണ്ടെന്ന വാർത്ത ഇന്ന് രാവിലെയാണ് നാടറിഞ്ഞത്. കണ്ണൂർ കോർപറേഷനിലെ ചാലാട് പടന്നപ്പാലം കൃപയിൽ കെ.സഞ്ജു ഫ്രാൻസിസാ(38)ണ് മരണമടഞ്ഞത്.ഒ. എൻ.ജി.സിയുമായി കാറ്ററിങ് കരാറുള്ള സറഫ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് സഞ്ജു. കഴിഞ്ഞ ദിവസം രാവിലെ ജുഹുവിലെ ഹെലിപാഡിൽ നിന്ന് എണ്ണപാടങ്ങളുള്ള മുംബൈ ഓഫ് ഷോറിലെ സാഗർ കിരണെന്ന റിഗ്ഗിലേക്കുള്ള യാത്രാമധ്യേയാണ് അപകടം. പടന്നപ്പാലെത്ത സണ്ണി ഫ്രാൻസിസ്-മേരി അംബികാ ദമ്പതികളുടെ മകനാണ്. മൃതദേഹം മുംബൈയിലെ നാനാവതി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ബന്ധുക്കൾ മുംബൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്