തലശേരി: ഗോപാല പേട്ട വളവിൽ സ്വകാര്യ ബസ്സുകൾ നേർക്കുനേർ കൂട്ടിയിടിച്ചു. ഇരുപതോളം പേർക്ക് പരുക്കേറ്റ സംഭവത്തിൽ ഓടിരക്ഷപ്പെട്ട ഡ്രൈവർക്കെതിരെ തലശേരി ടൗൺ പൊലീസ് കേസെടുത്തു. അപകടമുണ്ടാക്കിയതിനു ശേഷം ഇറങ്ങിയോടിയ ഡ്രൈവർമാർക്കെതിരെയാണ് കേസെടുത്തത്.

സൈദാർ പള്ളിക്കും ചക്യത്ത് മുക്കിനും ഇടയിൽ ഗോപാല പേട്ട വളവിലെ ഹീറോ ഷോറൂമിന് മുൻപിൽ വച്ചാണ് രണ്ട് ലിമിറ്റഡ് സ്റ്റോപ്പ് സ്വകാര്യബസുകൾ കൂട്ടിയിടിച്ചത്. സംഭവത്തിൽ ഡൈവർമാരും യാത്രക്കാരും ഉൾപെടെ നിരവധി പേർ പരുക്കേറ്റിരുന്നു. പരുക്കേറ്റ ഇരുപതോളം പേർ കണ്ണൂർ നഗരത്തിലെ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ് ഇവരുടെ ആരുടെയും പരുക്ക് ഗുരുതരമല്ല.

ഇന്ന് ഒൻപതേ മുക്കാലിനാണ് അപകടമുണ്ടായത്. തലശ്ശേരി ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ഷഫോണ ബസും കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യബസുമാണ് കൂട്ടിയിടിച്ചത്. തലായിൽ നിന്നും വഴിതിരിച്ച് വിട്ടാണ് പൊലീസ് ഗതാഗതം നിയന്ത്രിച്ചത്. റിക്കവറി ക്രെയിൻ എത്തിച്ച് ബസ്സുകൾ റോഡരികിലേക്ക് മാറ്റി ഉച്ചയോടെയാണ് ദേശീയപാതയിൽ ഗതാഗതം പുനഃസ്ഥാപിച്ചത്.