മട്ടന്നൂർ: അപകടകുരുക്കായി വീണ്ടും ചാലോട് ജങ്ഷൻ. ചെറുതും, വലുതുമായ നിരവധി അപകടങ്ങൾ നടന്ന ചാലോട് ജങ്ഷനിൽ മതിയായ സുരക്ഷാസംവിധാനങ്ങൾ അധികൃതർ ഒരുക്കാത്തതാണ് ഒരു ജീവൻ കൂടി ഇന്ന് നഷ്ടപ്പെടാൻ ഇടയായത്. കണ്ണൂരിൽ നിന്നും മട്ടന്നൂർ ഭാഗത്തേക്കും അഞ്ചരക്കണ്ടി ഭാഗത്തുനിന്നും ഇരിക്കൂർ ഭാഗത്തേക്കും നൂറുകണിക്കന് സ്വകാര്യബസുകൾ, ചെങ്കൽ, ടോറസ് ലോറികൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് വാഹനങ്ങൾ ചാലോട് ജങ്ഷനിലൂടെയാണ് ചീറിപാഞ്ഞു പോകുന്നത്.

ചെറിയൊരു ഹംപും ഒരു ഹോംഗാർഡുമല്ലാതെ മറ്റൊരു ഗതാഗതക്രമീകരണങ്ങൾ ഇവിടെ ഒരുക്കിയിട്ടില്ല. അതുകൊണ്ടു തന്നെ മാസങ്ങൾക്കു മുൻപെ നിയന്ത്രണം വിട്ട ചെങ്കൽലോറിയും മറ്റൊരുവാഹനവും കൂട്ടിയിടിച്ച സമയത്തു തന്നെ ചാലോട് ജങ്ഷനിൽ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കണമെന്ന് യാത്രക്കാരും നാട്ടുകാരും ഒരേ സ്വരത്തിൽ ആവശ്യപ്പൈട്ടിരുന്നത്.

ഇന്നലെ അഞ്ചരക്കണ്ടി ഭാഗത്തു നിന്ന് നായാട്ടുപാറയിലേക്ക് പോവുകയായിരുന്ന കാറും കണ്ണൂർ ഭാഗത്തു നിന്നും വന്ന ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയിൽപെട്ടുപോയ യാത്രക്കാരനായ കണ്ണൂർ ചാലാട് സ്വദേശി പി.കെ പവിത്രനാ(74)ണ് ദാരുണമായി കൊല്ലപെട്ടത്. ഗുരുതരമായി പരുക്കേറ്റ പവിത്രനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോഴെക്കും വഴിമധ്യേ മരണമടഞ്ഞിരുന്നു. മുഴക്കുന്ന് മൃദംഗ ശൈലേശ്വരിക്ഷേത്രത്തിലേക്ക് ദർശനത്തിന് പോവുകയായിരുന്നു പവിത്രനും രണ്ട് സുഹൃത്തുക്കളും.